കോഴിക്കോട് : സാഹിത്യ ഇതിഹാസം എം.ടി വാസുദേവൻ നായർക്ക് വിട നല്‍കാനൊരുങ്ങി കേരളം. കോഴിക്കോട് നടക്കാവിലെ സിതാരയില്‍ അന്ത്യദർശനം പുരോഗമിക്കുകയാണ്. സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുളളവര്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തില്‍ വൈകീട്ട് അഞ്ച് മണിക്കാണ് സംസ്കാരം.
പാതിരാവ് കഴിഞ്ഞ് പകല്‍ വെളിച്ചം വീണപ്പോള്‍ കേരളം കോഴിക്കോടങ്ങാടിയിലേക്ക് ചുരുങ്ങി. നടക്കാവ് കൊട്ടാരക്കടവ് റോഡിലെ സിതാരയെന്ന എഴുത്തിന്‍റെ നാലുകെട്ടില്‍ നിശ്ചലനായി ഇതിഹാസമുണ്ട്. രാത്രി പന്ത്രണ്ടുമണിയോടെയാണ് എംടിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്ന് സിതാരയിലേക്ക് കൊണ്ടുവന്നത്. വീടിന് പുറത്തെ പൊതുദര്‍ശനവും മോര്‍ച്ചറി വാസവും വേണ്ടെന്ന എംടിയുടെ ആഗ്രഹം കുടുംബം അതേപടി അനുസരിച്ചു. ഇരുട്ടില്‍ എംടിയുടെ ആത്മാവ് തനിച്ചായിരുന്നില്ല. നന്ദി ചെല്ലാന്‍ കോഴിക്കോട് നഗരം രാത്രിയും സിതാരയിലെത്തി.