വിൻകോവ് സി : ശനിയാഴ്ചയുണ്ടായ കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ ക്രൊയേഷ്യയുടെ മുൻ പ്രതിരോധ മന്ത്രി മാരിയോ ബനോസിച്ചിനെതിരെ ( 44 ) ക്രിമിനല്‍ കേസെടുത്ത് പൊലീസ്. അശ്രദ്ധ മൂലം അപകടം സൃഷ്ടിച്ചെന്ന കുറ്റമാണ് ചുമത്തിയത്. രാവിലെ 6 ഓടെ വിൻകോവ്സി നഗരത്തില്‍ നിന്ന് മാരിയോ തന്റെ സ്വകാര്യ കാറില്‍ സഞ്ചരിക്കവെ ഒരു വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. വാൻ ഡ്രൈവര്‍ അപകട സ്ഥലത്ത് വച്ച് മരിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ മാരിയോ അപകടനില തരണം ചെയ്തു.
2020 മുതല്‍ പ്രതിരോധ മന്ത്രിയായി തുടര്‍ന്ന മാരിയോയെ ശനിയാഴ്ച തന്നെ പ്രധാനമന്ത്രി ആൻഡ്രേ പ്ലെൻകോവിച് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. മാരിയോ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചത് അപകടത്തിലേക്ക് നയിച്ചെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. തെളിഞ്ഞാല്‍ 8 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മാരിയോ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും മേഖലയിലെ മോശം കാലാവസ്ഥ പരിഗണിക്കാതെയുമായിരുന്നു ഇതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.