കോട്ടയം: മാന്നാനം ആശ്രമദൈവാലയത്തിൽ മെയ് 11 ഞായറാഴ്ച കല്ലിട്ടപെരുന്നാൾ (സഭാസ്ഥാപനദിനം) ആഘോഷിക്കുന്നു. 1831 മെയ് 11-ാം തിയതി അന്നത്തെ വികാരി അപ്പസ്‌തോലിക്ക മൗറേലിയൂസ് സ്തബലീനി മെത്രാപ്പോലീത്തായുടെ സാന്നിദ്ധ്യത്തിൽ പോരൂക്കര തോമാമല്പാൻ മറ്റ് സ്ഥാപകപിതാക്കന്മാരായ പാലയ്ക്കൽ തോമാമല്പാൻ, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാച്ചൻ, കണിയാന്തറ യാക്കോബ് സഹോദരൻ എന്നിവരുടെയും മറ്റ് സഹവൈദികരുടെയും വിശ്വാസികളുടെയും മുമ്പാകെ വി. യൗസേപ്പിതാവിന്റെ നാമത്തിലുള്ള ആശ്രമത്തിന് ശിലാസ്ഥാപനം നടത്തിയതിന്റെ 194-ാം വാർഷികമാണ് നാളെ ഞായറാഴ്ച മാന്നാനം ആശ്രമദൈവാലയത്തിൽ വിവിധ തിരുക്കർമ്മങ്ങളോടെ ആഘോഷിക്കുന്നത്.

അറിവിന്റെയും അക്ഷരത്തിന്റെയും വഴിയിലൂടെ കേരളനവോത്ഥാനത്തിന് തുടക്കം കുറിക്കുകയും ഉപവിശാലയും, ഉച്ചക്കഞ്ഞിയും ആരംഭിച്ചതുവഴി സാമൂഹികമുന്നേറ്റത്തിന്റെയും, കാരുണ്യത്തിന്റെയും സംസ്‌ക്കാരം പകർന്നു നൽകുകയും ചെയ്ത വിശുദ്ധ ചാവറപിതാവിന്റെ നേതൃത്വത്തിൽ മാന്നാനത്ത് ആരംഭിച്ച സന്യാസസഭ-സി.എം.ഐ. സഭ ഇന്ന് അഭിമാനകരമായ സംഭാവനകൾ സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാന്നാനം ആശ്രമത്തിന് ശിലാസ്ഥാപനം നടത്തിയതിന്റെ 194-ാം വാർഷികദിനമായ ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് ആഘോഷമായ വിശുദ്ധ കുർബാന മുഖ്യകാർമ്മികൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ (കോതമംഗലം രൂപത മെത്രാൻ). റവ.ഫാ. ജോസി താമരശ്ശേരി സി.എം.ഐ.(സി.എം.ഐ. വികാരി ജനറാൾ), റവ.ഫാ. മാർട്ടിൻ മള്ളാത്ത് സി.എം.ഐ.(സി.എം.ഐ. ജനറൽ കൗൺസിലർ) എന്നിവർ സഹകാർമ്മികരായിരിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക,് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് സി.എം.ഐ. വിദ്യാഭ്യാസവത്സരപ്രഖ്യാപനം നടക്കുന്നതാണ്. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനം കൂടിയായ മെയ് 11 ഞായറാഴ്ച രാവിലെ 5.15, 6.15, 8.00 വൈകുന്നേരം 4.30 ഈ സമയങ്ങളിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.