കൊറിയര്‍ വഴി മയക്കുമരുന്ന് കടത്ത് ;പ്രതിക്ക് 21 വര്‍ഷം കഠിന തടവും 210000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി

മലപ്പുറം: ഗോവയില്‍ നിന്നും കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തിയ പ്രതിക്ക് 21 വര്‍ഷം കഠിന തടവും 210000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി. കേസിലെ മൂന്നാം പ്രതി സക്കീര്‍ ഹുസൈനാണ് മയക്കുമരുന്ന് കേസില്‍ ശിക്ഷ വിധിച്ചത്.രണ്ടാം പ്രതിയുടെ വിചാരണ പൂര്‍ത്തിയായെങ്കിലും ഇയാള്‍ ഒളിവില്‍ പോയതിനാല്‍ ശിക്ഷ വിധിച്ചിട്ടില്ല. കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതിന് മുമ്പേ ഒന്നാം പ്രതി ഒളിവില്‍ പോയിരുന്നു.118. 12 ഗ്രാം എംഡിഎംഎ, 0.93 എല്‍എസ്ഡി സറ്റാമ്ബ്, 1.15 കിലോഗ്രാം കഞ്ചാവ്, 325.85 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് മലപ്പുറം എക്‌സൈസ് സംഘം പിടിച്ചെടുത്തത്.

Advertisements

2020 ലാണ് സംഭവം. പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖും പാര്‍ട്ടിയും ചേര്‍ന്നാണ് കേസ് എടുത്തത്. മാരക ലഹരി മരുന്നുകളുമായി, ഒന്നും രണ്ടു പ്രതികളായ, റമീസ് റോഷന്‍ ( 30 വയസ്സ്), ഹാഷിബ് ശഹീന്‍ (29 വയസ്സ്) എന്നിവരെ അന്ന് എക്‌സൈസ് അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു. കളിപ്പാട്ടങ്ങള്‍, റെഡിമെയ്ഡ് ഡ്രസ് എന്നിവയുടെ കച്ചവടത്തിന്റെ മറവില്‍ ഗോവയില്‍ നിന്നും കൊറിയര്‍ സര്‍വ്വീസ് വഴി മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് വില്‍പ്പന നടത്തുകയായിരുന്നു ഇവര്‍.തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മൂന്നാം പ്രതി സക്കീര്‍ ഹുസൈന്‍ പിടിയിലായി. ഇയാള്‍ ഗോവയില്‍ നിന്നും ഒന്നും രണ്ടും പ്രതികള്‍ക്ക് കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച്‌ കൊറിയര്‍ സര്‍വ്വീസ് വഴിയാണ് 30 ഗ്രാം എംഡിഎംഎ കടത്തിയത്. ഇത് രാമനാട്ടുകരയിലെ കൊറിയര്‍ സര്‍വീസില്‍ നിന്നാണ് പിടിച്ചെടുത്തത്.

Hot Topics

Related Articles