കോട്ടയം: കൊച്ചിയിൽ തൊഴിൽ സ്ഥലത്ത് മനുഷത്വ രഹിതമായ പീഡനം അരങ്ങേറിയ വാർത്ത കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ പറഞ്ഞു. കേരളത്തിൽ പരിഷ്‌കൃതമായ സമൂഹത്തിൽ ഇത്തരത്തിൽ തൊഴിൽ നിയമങ്ങൾ എല്ലാം ലംഘിച്ച് പ്രവർത്തനങ്ങൾ നടത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിലും വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇത്തരത്തിൽ വീടുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ചുള്ള കച്ചവട മാഫിയ സംഘത്തെ കാണാം. പത്താം ക്ലാസ് മുതൽ വിദ്യാഭ്യാസമുള്ള കുട്ടികളെ മാർക്കറ്റിംങിൽ പരിശീലനം നൽകാമെന്നും, ഉയർന്ന ശമ്പളം നൽകാമെന്നും വാഗ്ദാനം ചെയ്താണ് ഇവർ ജോലി ചെയ്യിപ്പിക്കുന്നത്. വലിയ തൊഴിൽ ചൂഷണമാണ് ഈ മേഖലകളിൽ നടക്കുന്നത്. ഇത് അംഗീകരിച്ചു കൊടുക്കാനാവില്ല. യാതൊരു വിധ തൊഴിൽ നിയമങ്ങളും പാലിക്കാതെയാണ് ഈ തൊഴിൽ തട്ടിപ്പ് നടക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും സംസ്ഥാന സർക്കാർ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തണമെന്നും സിറിയക് ചാഴികാടൻ ആവശ്യപ്പെട്ടു.
കോച്ചിയിൽ തൊഴിൽ സ്ഥലത്ത് മനുഷത്വ രഹിതമായ പീഡനം: കേരളത്തിൽ മിക്ക ജില്ലയിലും സമാനമായ പീഡനം അരങ്ങേറുന്നു: സംസ്ഥാന സർക്കാർ കർശനമായ നടപടിയെടുക്കണം: യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ
