ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: സുന്ദരിയായ ഇടപാടുകാരിയുടെ ഫോട്ടോയ്‌ക്കൊപ്പം ‘എപ്പോൾ വിളിച്ചാലും കിട്ടുമെന്ന’ വാചകം. ഇനി പുരുഷനാണെങ്കിൽ ഭൂലോക തട്ടിപ്പെന്ന് കുറിപ്പ്. ആപത്തു കാലത്ത് സഹായത്തിനെത്തുന്നവർ ആപ്പാകുകയാണ് സാധാരണക്കാർക്ക്. മൊബൈൽ ഫോണിൽ എത്തുന്ന വായ്പാ സന്ദേശങ്ങളും, വായ്പാ ആപ്പുകളുമാണ് സാധാരണക്കാരെ പൊല്ലാപ്പിലാക്കുന്നത്. ജില്ലയിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ മാത്രം ഒരു ദിവസം എത്തുന്നത് ഇരുപതോളം പരാതികളാണ്. രണ്ടായിരം മുതൽ ഒരു ലക്ഷം രൂപ വരെ വായ്പയെടുത്ത് ലക്ഷങ്ങൾ തിരിച്ചടച്ചവരാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്.
ഒറ്റ ക്ലിക്കിൽ ലോൺ;
ക്ലിക്കിന്റെ മുട്ടൻ കെണി
ഒറ്റ ക്ലിക്കിൽ നിമിഷങ്ങൾക്കകം ലോൺ എന്ന സുന്ദര വാഗ്ദാനവുമായാണ് മൊബൈൽ ഫോണിൽ വായ്പാ ആപ്പുകളുടെ സന്ദേശം എത്തുന്നത്. ഫോണിൽ എസ്.എം.എസ് ആയും വാട്‌സപ്പായും എത്തുന്ന സന്ദേശത്തിൽ ക്ലിക്ക് ചെയ്താൽ തീർന്നു. നേരെ പോകുക വായ്പാ ആപ്പിലേയ്ക്കാവും. നിങ്ങളുടെ ആധാർ കാർഡും, പാൻകാർഡും, മറ്റു വിശദാംശങ്ങളും നൽകിയാൽ മാത്രം മതി ആ ആപ്പ് നിങ്ങളുടെ തലയ്ക്കു മുകളിൽ കയറാൻ. രണ്ടായിരം രൂപ മുതൽ വായ്പ നൽകിയാണ് ആപ്പുകൾ പണി തുടങ്ങുക. രണ്ടായിരം രൂപ വായ്പയെടുത്താൽ അഞ്ചാം ദിവസം 2500 രൂപ തിരികെ അടച്ചാൽ മതിയെന്നാണ് മോഹന സുന്ദര വാഗ്ദാനം. ഈ വാഗ്ദാനം വിശ്വസിച്ച് കെണിയിൽ വീണു പോയവരുടെ കഥകൾ ഇങ്ങനെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അയ്യായിരത്തിന് കിട്ടിയത്
അൻപതിനായിരം പണി
കോട്ടയം നഗരത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി അയ്യായിരം രൂപയാണ് ആപ്പ് വഴി വായ്പയെടുത്തത്. ആപ്പ് ഇൻസ്റ്റാൾ ചെയ്യും മുൻപ് കുറേയധികം മാനദണ്ഡങ്ങൾ പറഞ്ഞിരുന്നു. അതിലെല്ലാം ക്ലിക്ക് ചെയ്താണ് യുവതി ആപ്പിൽ കയറിയത്. അയ്യായിരം രൂപ വായ്പ ലഭിച്ചത് എടുത്ത് ചിലവാക്കുകയും ചെയ്തു. അഞ്ചു ദിവസം കഴിഞ്ഞ് 5500 രൂപ തിരികെ അടയ്ക്കുകയായിരുന്നു ലക്ഷ്യം. അഞ്ചാം ദിവസം പണം മുഴുവൻ തിരികെ അടച്ചതോടെ വീണ്ടും തുക അടയ്ക്കണമെന്നായി അധികൃതർ. പിന്നാലെ, ഫോണിൽ വിളിച്ചും എസ്.എം.എസ് അയച്ചും ഭീഷണിയായി. ഇതിനിടെ ആപ്പിലൂടെ തട്ടിപ്പ് സംഘം യുവതിയുടെ ഫോണിലെ മുഴുവൻ കോൺടാക്ടും കൈക്കലാക്കിയിരുന്നു. ഈ കോൺടാക്ടുകളിലേയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പ് സംഘം പണം തിരികെ കിട്ടാൻ പണി നടത്തിയത്.
ചുമ്മാ ചെന്നു കയറിയത്
മുട്ടൻ ആപ്പിന്റെ കെണിയിലേയ്ക്ക്
കോട്ടയം നഗരത്തിലെ തന്നെ പ്രമുഖ സ്ഥാപനത്തിലെ ഉയർന്ന പദവിയിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ വെറുതെ എന്താണ് നടക്കുന്നതെന്നറിയുന്നതിനായാണ് ആപ്പിൽ കയറിയത്. ആപ്പിൽ കയറി തന്റെ ആധാർകാർഡും, പാൻകാർഡും മറ്റു വിശദാംശങ്ങളും നൽകിയെങ്കിലും, കൊള്ളപ്പലിശ കണ്ടതോടെ പണം വേണ്ടെന്നു വച്ച് പ്രവർത്തനങ്ങൾ ക്യാൻസൽ ചെയ്ത് ആപ്പിൽ നിന്നും പുറത്തിറങ്ങി. എന്നാൽ, രണ്ടു ദിവസത്തിനു ശേഷം തന്റെ അക്കൗണ്ടിലേയ്ക്ക് മൂവായിരത്തോളം രൂപ വന്നതോടെ ഇദ്ദേഹം ഞെട്ടി. അഞ്ചാം ദിവസം ഒരു ഫോണിൽ നിന്നും വിളിച്ച് അയ്യായിരം രൂപ തിരികെ അടയ്ക്കണമെന്നും, ഇല്ലെങ്കിൽ കോൺടാക്ടിലുള്ള എല്ലാവർക്കും അശ്ലീലവും, മോശവുമായ സന്ദേശം അയക്കുമെന്നുമായിരുന്നു ഭീഷണി. ഇതോടെ ഭയന്നു പോയ ഇദ്ദേഹം പണം അടച്ചു.
എന്നാൽ, തൊട്ടടുത്ത ദിവസം തന്നെ ഇദ്ദേഹത്തിന് മറ്റൊരു സന്ദേശം എത്തി. അക്കൗണ്ടിൽ 5000 രൂപ ക്രഡിറ്റ് ആയതായി. ഇതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ ഇദ്ദേഹം കോട്ടയം സൈബർ സെല്ലിനു പരാതി നൽകി. പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഭയപ്പെടാതിരിക്കുക
ജാഗ്രതയോടിരിക്കുക
ഇത്തരം തട്ടിപ്പുകൾ ഇപ്പോൾ വ്യാപകമാണ്. വായ്പ എടുക്കുന്നതിന് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളെ മാത്രം സമീപിക്കുക. മറ്റുള്ള ആപ്പുകളൊന്നും സുരക്ഷിതമല്ലെന്നു തിരിച്ചറിയുക. തട്ടിപ്പ് സംഘങ്ങൾ കെണിയിൽ പെടുത്തിയെന്ന് ഉറപ്പായാൽ ഭയപ്പെടാതിരിക്കുക. ജാഗ്രതയോടെ മാത്രം ഇത്തരം വിഷയങ്ങളെ സമീപിക്കുക.
എം.ജെ അരുൺ
എസ്.എച്ച്.ഒ
ഇൻസ്‌പെക്ടർ
സൈബർ പൊലീസ് സ്റ്റേഷൻ
കോട്ടയം