ആലപ്പുഴ നാടിനെയും അധ്യാപകരെയും സഹപാഠികളെയും കണ്ണീരിലാഴ്ത്തി കുഞ്ഞു കായിക താരത്തിൻ്റെ വിയോഗം. നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം അമ്പലപ്പുഴ കാക്കാഴം സുഹ്റാ മൻസിൽ ഷിഹാബുദീൻ അൻസില ദമ്പതികളുടെ മകൾ നിദാ ഫാത്തിമയാണ് നാടിന് നൊമ്പരമായി വിടവാങ്ങിയത്.
നീർക്കുന്നം എസ്ഡിവി.ഗവണ്മെന്റ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ നിദാ ഫാത്തിമ അമ്പലപ്പുഴ ഗവ: മോഡൽ സ്കൂളിലാണ് സൈക്കിൾ പോളോ പരിശീലിക്കുന്നത്.കടുത്ത നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് നാഗ്പൂരിൽ നടക്കുന്ന ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഞായറാഴ്ച പരിശീലകനൊപ്പം യാത്രതിരിച്ചത്.ബുധനാഴ്ച കടയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടർന്ന് നില വഷളാവുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. കുട്ടി അത്യാസന്ന നിലയിലാണ് എന്നറിഞ്ഞ് പുറപ്പെട്ട് പിതാവ് യാത്രക്കിടെയാണ് മകളുടെ മരണ വിവരമറിയുന്നത്.
ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്നാണ് വിവരം. സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിലൂടെയാണ് നിദയുൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാൽ ഇവർക്ക് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ല.
രണ്ട് ദിവസം മുൻപ് നാഗ്പൂരിൽ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു എന്നാണ് ആരോപണം.