ലിസ്ബണ്‍ : 2024 യൂറോ യോഗ്യത മത്സരത്തില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഐസ്ലാന്ഡിനെ തോല്‍പ്പിച്ചു.ഈ വിജയത്തോടെ പോര്‍ച്ചുഗല്‍ ചരിത്രപരമായ നേട്ടത്തിലേക്കാണ് മുന്നേറിയത്. യോഗ്യത മത്സരങ്ങളില്‍ ഒരു കളിപോലും തോല്‍ക്കാതെ പത്ത് വിജയങ്ങളാണ് പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്.പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു റെക്കോഡ് ജയം സ്വന്തമാക്കുന്നത്. നേരത്തേ പോര്‍ച്ചുഗല്‍ അടുത്ത വര്‍ഷം നടക്കുന്ന യൂറോ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിരുന്നു. ബാക്കി ഉണ്ടായിരുന്ന രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് സമ്പൂര്‍ണ ആധിപത്യവുമായാണ് പോര്‍ച്ചുഗല്‍ യൂറോപ്പിലേക്ക് വരവറിയച്ചത്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗോളുകള്‍ നേടാന്‍ സാധിച്ചില്ലെങ്കിലും ടീമിന്റെ റെക്കോഡ് വിജയത്തില്‍ പങ്കാളിയാവാന്‍ അദ്ദേഹത്തിന് സാധിച്ചു. 2024ല്‍ ജര്‍മനിയില്‍ വെച്ച് നടക്കുന്ന യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ ടീമില്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്. മറ്റൊരു യോഗ്യതാ മത്സരത്തില്‍ ബെല്‍ജിയം എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് അസര്‍ബൈജാനെ തകര്‍ത്തു. മത്സരത്തില്‍ ബെല്‍ജിയത്തിനായി ഹാട്രിക് അടക്കം നാല് ഗോളുകളുമായി മിന്നും പ്രകടനമാണ് റൊമേലു ലുക്കാക്കു കാഴ്ചവെച്ചത്. ഈ മികച്ച പ്രകടനത്തിലൂടെ തകര്‍പ്പന്‍ റെക്കോഡാണ് ലുക്കാക്കു സ്വന്തം പേരില്‍ കുറിച്ചത്.യൂറോ യോഗ്യത മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് ലുക്കാക്കു കാലെടുത്തുവെച്ചത്. യോഗ്യത മത്സരങ്ങളില്‍ 14 ഗോളുകളാണ് ലുക്കാക്കു നേടിയത്. ഇതിന് പിന്നാലെയാണ് യൂറോ യോഗ്യത മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ലുക്കാക്കു മാറിയത്.