ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്ര; നൂഹിൽ 24 മണിക്കൂർ ഇന്റർനെറ്റിന് വിലക്ക്; വിലക്ക് ഏർപ്പെടുത്തിയത് ഹരിയാന സർക്കാർ

ചണ്ഡിഗഢ്: നൂഹ് ജില്ലയിൽ 24 മണിക്കൂർ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി ഹരിയാണ സർക്കാർ. ബൾക്ക് എസ്.എം.എസ്. സർവീസുകൾക്കും നിരോധനമുണ്ട്. ഞായറാഴ്ച വൈകീട്ട് ആറുമുതൽ തിങ്കളാഴ്ച വൈകീട്ട് ആറുവരെയാണ് നിരോധനം. ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയുടെ പശ്ചാത്തലത്തിലാണ് നടപടി.

Advertisements

സംഘർഷ സാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഹരിയാണ അഡീഷണൽ ചീഫ് സെക്രട്ടറി അനുരാഗ് റസ്‌തോഗി അറിയിച്ചു. പ്രക്ഷോഭത്തിനും പൊതു- സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കാനും സമാധാനത്തിന് ഭംഗം വരാനും സാധ്യതയുണ്ടെന്ന് ഉത്തരവിൽ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും കിംവദന്തികളും പ്രചരിക്കാൻ സാധ്യതയുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യാത്രയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. യാത്ര കടന്നുപോകുന്ന വഴിയിൽ സി.സി.ടി.വികൾ സ്ഥാപിച്ചു. ഡ്രോണുകളും നിരീക്ഷണത്തിനായി ഏർപ്പെടുത്തി. പത്ത് ചെക്ക് പോയിന്റുകൾ സ്ഥാപിച്ചു. യാത്ര കടന്നുപോകുന്ന വഴിയിലെ മത്സ്യ- മാംസക്കടകൾ തിങ്കളാഴ്ച വൈകീട്ട് വരെ അടച്ചിടും. ആയുധം കൈവശം വെക്കുന്നതിന് കർശന നിരോധനമുണ്ട്. സാമൂഹിക മാധ്യമങ്ങളും നിരീക്ഷിച്ചുവരികയാണ്.

കഴിഞ്ഞവർഷം നടന്ന ജലാഭിഷേകയാത്രയ്ക്കിടെ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. രണ്ട് ഹോം ഗാർഡുകളും ഒരു പുരോഹിതനുമടക്കം ഏഴുപേരായിരുന്നു അന്ന് മരിച്ചത്. ബജ്‌റംഗ്ദൾ നേതാവും പശുവിനെ കടത്തിയെന്ന് ആരോപിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ മോനു മേനസർ എന്ന മൊഹിത് യാദവ് യാത്രയിൽ പങ്കെടുക്കുമെന്ന അഭ്യൂഹമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നായിരുന്നു വിശദീകരണം.

Hot Topics

Related Articles