കോട്ടയത്തു നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
സ്പെഷ്യൽ റിപ്പോർട്ട്
കോട്ടയം: വയസ്ക്കരക്കുന്നിലെ ഉപവിദ്യാഭ്യാസ വകുപ്പ് ഓഫിസിൽ എത്തിച്ച 36 ലാപ്ടോപ്പുകളിൽ ഒന്ന് മുക്കി. ലാപ്ടോപ്പ് മുക്കിയത് സംബന്ധിച്ചു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പൊലീസിൽ പരാതി നൽകുമെന്നു പ്രഖ്യാപിച്ചതോടെ, അന്നു തന്നെ ലാപ്പ്ടോപ്പ് തിരികെയെത്തി. ലാപ്പ്ടോപ്പ് പൊക്കിയ സംഘത്തെപിടികൂടാൻ ഉറച്ച ഉപവിദ്യാഭ്യാസ വകുപ്പ് ഓഫിസറാകട്ടെ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. സംഭവം വിവാദമായി മാറിയതോടെ കേസിൽ വിശദമായ അന്വേഷണം നടത്തുന്നതിനാണ് കോട്ടയം വെസ്റ്റ് പൊലീസ് ഒരുങ്ങുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളുകളിൽ വിതരണം ചെയ്യാനുള്ള ലാപ്ടോപ്പാണ് വയസ്ക്കരയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫിസിൽ എത്തിച്ചത്. ലാപ്പ്ടോപ്പ് ഓഫിസിൽ സൂക്ഷിച്ച ശേഷം ജീവനക്കാർ ഓഫിസ് പൂട്ടി രാത്രി പോകുകയും ചെയ്തു. എന്നാൽ, പിറ്റേന്ന് എത്തി ഓഫിസ് തുറന്ന് ലാപ്പ്ടോപ്പുകൾ എണ്ണിയപ്പോഴാണ് ഒരെണ്ണത്തിന്റെ കുറവ് കണ്ടെത്തിയത്. തുടർന്ന് അധികൃതരെ വിവരം അറിയിച്ചു.
ലാപ്ടോപ്പ് കാണാനില്ലെന്നു കണ്ടെത്തിയതോടെ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇതു സംബന്ധിച്ചു പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചു. ഇതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ പിറ്റേന്ന് രാവിലെ ഓഫിസിലെത്തിയ ജീവനക്കാർ കണ്ടത്, ലാപ്ടോപ്പ് ഇരിക്കുന്ന മേശയ്ക്കു തൊട്ടടുത്ത് മറ്റൊരു മേശയിൽ മോഷണം പോയ ലാപ്ടോപ്പാണ്. ഇതോടെ ജീവനക്കാർക്കിടയിൽ ആശങ്കയായി. എന്നാൽ, ലാപ്പോട്പ്പ് തിരികെ ലഭിച്ചെങ്കിലും പരാതിയിൽ നിന്നും പിന്നോട്ട് പോകേണ്ടെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നിലപാട്. ഇതേ തുടർന്ന് ഇവർ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെയും ലാപ്ടോപ്പ് എടുത്തത് ആരാണെന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നതെന്നു വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. എന്നാൽ, മാസങ്ങൾക്കു മുൻപ് ഓഫിസിൽ നിന്നും രണ്ടു ജീവനക്കാരുടെ സർവീസ് ബുക്കും മോഷണം പോയിരുന്നു. ഈ സർവീസ് ബുക്ക് പിന്നീട് തപാലിൽ അയച്ചു നൽകുകയായിരുന്നു.
ജീവനക്കാർ തമ്മിലുള്ള കുടിപ്പകയാണ് ഇത്തരത്തിൽ നിരന്തരം വസ്തുക്കൾ മോഷണം പോകുന്നതിനു പിന്നിലെന്നാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ എത്രയും വേഗം കുറ്റക്കാരെ കണ്ടെത്തണമെന്നാണ് ഇവിടെയുള്ള മറ്റു ജീവനക്കാരുടെ ആവശ്യം.