രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തം; ഇനിയും തിരിച്ചറിയാൻ 88 മൃതദേഹങ്ങൾ; രാജ്യം നടുങ്ങി നിൽക്കുന്ന ദുരന്തത്തിൻ്റെ ഭീകര ചിത്രം പുറത്ത് 

ഭുവനേശ്വ‍ര്‍ : കാല്‍ നൂറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തില്‍ മരണം 275 ആയി. മരിച്ചവരില്‍ 88 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ല. ഇവരെ തിരിച്ചറിയുന്നതിനായി ചിത്രങ്ങള്‍ ഒഡിഷ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആവശ്യമെങ്കില്‍ ഡിഎൻഎ പരിശോധനയും നടത്താനാണ് തീരുമാനം. 

Advertisements

ഒഡിഷയില്‍ ട്രെയിൻ അപകടത്തില്‍ പരിക്കേറ്റ ആയിരത്തിലേറെപ്പേരില്‍ 50 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങളും ഒഡിഷ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായത് വലിയ ദുരന്തമെന്ന് വ്യക്തമാകുന്നതിന് മുമ്ബ് പരിക്കേറ്റ ആയിരത്തിലേറെ പേരെ ആദ്യം എത്തിച്ചത് പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള ബാലസോര്‍ ജില്ലാ ആശുപത്രിയിലായിരുന്നു. പരിക്കേറ്റവരും ഉറ്റവരെ തേടി വന്നവരും നിറഞ്ഞ ആശുപത്രിയില്‍ ഇപ്പോഴും സങ്കടകാഴ്ചകളാണെന്നാണ് സൂചന. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് കാരണം ഇലക്‌ട്രോണിക് ഇന്‍റര്‍ ലോക്കിംഗ് സംവിധാനത്തിലെ പിഴവാണെന്നാണ് റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിക്കുന്നത്. ട്രെയിനിന്‍റെ റൂട്ട് നിശ്ചയിക്കല്‍, പോയിന്‍റ് ഓപ്പറേഷന്‍, ട്രാക്ക് നീക്കം അടക്കം സിഗ്നലിംഗുമായി ബന്ധപ്പെട്ട നിര്‍ണ്ണായക സംവിധാനമാണ് ഇലക്‌ട്രോണിക് ഇന്‍റര്‍ ലോക്കിംഗ്. പോയിന്‍റ് ഓപ്പറേഷനില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സൈറ്റ് ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതിലേക്കാണ് റയില്‍വേ മന്ത്രിയും വിരല്‍ ചൂണ്ടുന്നത്. അതേ സമയം, പച്ച സിഗ്നല്‍ കണ്ട ശേഷമാണ് ട്രെയിൻ മുൻപോട്ട് പോയതെന്നാണ് പരിക്കേറ്റ് ചികിത്സയിലുള്ള ലോക്കോ പൈലറ്റിന്റെ മൊഴി.

ഷാലിമാര്‍ – ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് ട്രാക്ക് മാറിയോടിയതാണ് ഇരുനൂറിലേറെ പേരുടെ ദാരുണാന്ത്യത്തിലേക്കും ആയിരക്കണക്കിന് പേരുടെ പരിക്കിനും കാരണമായിത്തീര്‍ന്ന അപകടത്തിലേക്ക് നയിച്ചത്. കോറമണ്ഡല്‍ എക്സ്പ്രസിന് പ്രധാന പാതയിലൂടെ കടന്നുപോകാൻ ഗ്രീൻ സിഗ്നല്‍ നല്‍കിയ ശേഷം അത് പൊടുന്നനെ പിൻവലിക്കപ്പെട്ടുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതോടെ പ്രധാന റെയില്‍വേ ട്രാക്കിലൂടെ കടന്നുപോകേണ്ടിയിരുന്ന കോറമണ്ഡല്‍ എക്സ്പ്രസ് 130 കിലോ മീറ്റര്‍ വേഗതയില്‍ ലൂപ്പ് ട്രാക്കിലേക്ക് കടന്നു. 

എന്നാല്‍ ലൂപ്പ് ട്രാക്കില്‍ ചരക്ക് വണ്ടി നിര്‍ത്തിയിട്ടിരുന്നു. ഇതിലേക്ക് ഇടിച്ച്‌ കയറിയാണ് അപകടമുണ്ടായത്. ചരക്ക് തീവണ്ടിയുമായുള്ള ഇടിയില്‍ കോറമണ്ഡല്‍ എക്സ്പ്രസിന്റെ 21 ബോഗികള്‍ പാളംതെറ്റി മറിഞ്ഞു. എൻജിൻ ചരക്ക് തീവണ്ടിക്ക് മുകളിലേക്ക് കയറി. കോറമണ്ഡല്‍ എക്സ്പ്രസിന്റെ ബോഗികളില്‍ മൂന്നെണ്ണം ഈ സമയം തൊട്ടടുത്ത ട്രാര്‍ക്കിലൂടെ പോവുകയായിരുന്ന ഹൗറ സൂപ്പര്‍ ഫാസ്റ്റിന്റെ അവസാനത്തെ നാല് ബോഗികളിലേക്ക് വീണു. ഈ ആഘാതത്തിലാണ് ഹൗറ സൂപ്പര്‍ ഫാസ്റ്റിന്റെ രണ്ട് ബോഗികള്‍ പാളംതെറ്റിയത്.

Hot Topics

Related Articles