റാഞ്ചി: ജാര്‍ഖണ്ഡിലെ ബാബാ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികൂട് മലമുകളില്‍ റോപ്വേയില്‍ കേബിള്‍ കാര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. സാഹസികമായി ഹെലികോപ്ടറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കൈവിട്ട് താഴേ വീണ ആളാണ് മരിച്ചത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് 24 മണിക്കൂറായി നടത്തിവന്ന രക്ഷാപ്രവര്‍ത്തനം രാത്രിയായതോടെ നിര്‍ത്തിവച്ചു. 27 പേരെ ഇതുവരെ രക്ഷിച്ചു. 20 പേര്‍കൂടി കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.
കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഡ്രോണുകളുടെ സഹായത്തോടെ ഭക്ഷണവും വെള്ളവും എത്തിച്ചെന്ന് എന്‍ഡിആര്‍എഫ് അസിസ്റ്റന്റ് കമാന്‍ഡര്‍ വിനയ് കുമാര്‍ സിങ് പറഞ്ഞു. ഞായറാഴ്ച ഉച്ചതിരിഞ്ഞു നാലരയോടെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് 12 കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. റോപ്വെ മാനേജരും ഓപ്പറേറ്റര്‍മാരും ഒളിവിലാണ്. കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും എല്ലാവരെയും രക്ഷിക്കാന്‍ സാധിക്കുമെന്നും പൊലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര പറഞ്ഞു.