തിരുവനന്തപുരം: ദീപാവലി ആഘോഷവേളയിലെ യാത്രാത്തിരക്കു കണക്കിലെടുത്ത്, തിരക്കേറിയ പാതകളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ദീപാവലിക്കാലത്ത് 58 പ്രത്യേക ട്രെയിനുകൾ 272 സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവെ തിരുവനന്തപുരം ഡിവിഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്, ഏറെ തിരക്കുള്ള തിരുവനന്തപുരം നോർത്ത് –ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത് – എസ്എംവിടി, ബെംഗളൂരു – തിരുവനന്തപുരം നോർത്ത്, കോട്ടയം – എംജിആർ ചെന്നൈ സെൻട്രൽ – കോട്ടയം, യശ്വന്ത്പുർ – കോട്ടയം – യശ്വന്ത്പുർ പാതകളിൽ ഉൾപ്പെടെയാണ് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദീർഘദൂര പാതകളിലും അന്തർസംസ്ഥാന പാതകളിലും വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കൈകാര്യം ചെയ്യുന്നതിനും ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി മറ്റു സേവനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് റെയിൽവെ വ്യക്തമാക്കി.
തിരുവനന്തപുരം ഡിവിഷനു കീഴിൽ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് 10 ജോഡി ട്രെയിനുകളിൽ ദക്ഷിണ റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചിട്ടുണ്ട്. വെയിറ്റിങ് ലിസ്റ്റിൽ യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും കൂടുതൽ പേർക്ക് യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും ഇതു സഹായിക്കും. പ്രധാന സ്റ്റേഷനുകളിൽ തിരക്കു നിയന്ത്രിക്കുന്നതിന് കർശന പരിശോധനയ്ക്കായി കൂടുതൽ ടിക്കറ്റ് പരിശോധന ജീവനക്കാരെ വിന്യസിക്കും.
പ്രത്യേക ദീപാവലി ട്രെയിനുകളുമായി രാജ്യവ്യാപക കണക്റ്റിവിറ്റിയും ദക്ഷിണ റെയിൽവേ സജ്ജമാക്കിയിട്ടുണ്ട്.
ചെന്നൈ – മധുര – തിരുനെൽവേലി – കന്യാകുമാരി, ചെന്നൈ – കോട്ടയം പാതകളിലും കൊച്ചുവേളിയിൽനിന്ന് പ്രധാന നഗരങ്ങളായ ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കും പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. വിശാഖപട്ടണം (ആന്ധ്രപ്രദേശ്), സാന്തരാഗാച്ഛി, ഷാലിമാർ (പശ്ചിമ ബംഗാൾ), അംബാല കന്റോൺമെന്റ് (ഹരിയാന), ബറൗനി, ധൻബാദ് (ബിഹാർ) എന്നിങ്ങനെ രാജ്യത്തെ വിവിധ മേഖലകളിലേക്കും പ്രത്യേക ട്രെയിനുകൾ ഗതാഗത സൗകര്യമൊരുക്കുന്നു.
ദീപാവലി ട്രെയിനുകൾ കൃത്യസമയം പാലിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും ദക്ഷിണ റെയിൽവേ സ്വീകരിച്ചിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ തിക്കും തിരക്കും ഒഴിവാക്കി യാത്ര സുഗമമാക്കുന്നതിനായി ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) സംഘങ്ങളെ കാൽനടമേൽപ്പാലങ്ങളിലും പ്രധാന സ്ഥലങ്ങളിലും വിന്യസിച്ചിട്ടുണ്ട്. സിസിടിവി കൺട്രോൾ റൂമുകളും തിരക്കേറിയ പ്രദേശങ്ങൾ നിരീക്ഷിച്ച് തത്സമയ സഹായം നൽകുന്നു.
തിരക്ക് ഒഴിവാക്കി ട്രെയിനിൽ കയറുന്നത് സുഗമമാക്കാൻ പ്രാരംഭ സ്റ്റേഷനുകളിലും പ്രധാന സ്റ്റേഷനുകളിലും ജനറൽ കോച്ചുകളിൽ യാത്രക്കാർക്ക് ക്യൂ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാനും സുഖകരമായ യാത്ര ഉറപ്പാക്കാനും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് യാത്രക്കാരോട് ദക്ഷിണ റെയിൽവേ അഭ്യർഥിച്ചു. പ്രത്യേക ദീപാവലി ട്രെയിനുകളുടെയും വിശദവിവരങ്ങളും സമയക്രമവും ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഐ ആർ ടി സി പോർട്ടലുകളിലും ലഭ്യമാണ്.
സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും തടസ്സരഹിത യാത്രയ്ക്കായി മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്നതിൽ യാത്രക്കാർ സഹകരിക്കണമെന്നും ദക്ഷിണ റെയിൽവെ തിരുവനന്തപുരം ഡിവിഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.