ന്യൂഡൽഹി : ശനിയാഴ്ച പുലർച്ചെ ഡൽഹി മുസ്തഫാബാദിൽ നാല് നില കെട്ടിടം തകർന്ന് വീണ് നാല് പേർ മരിച്ചു. പത്തോളംപേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പുലർച്ചെ മൂന്നുമണിയോടെയാണ് കെട്ടിടം തകർന്നുവീണത്. ദേശീയ ദുരന്തനിവാരണ സേനയുടേയും ഡല്‍ഹി പോലീസ് സേനയുടേയും നേതൃത്വത്തില്‍ രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
പതിന്നാല് പേരെ രക്ഷിക്കാൻ സാധിച്ചതായും നാലുപേർ മരിച്ചതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ സന്ദീപ് ലാമ്ബ എഎൻഐയോട് പ്രതികരിച്ചു. 8-10 പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.കെട്ടിടം പൊളിഞ്ഞുവീണതിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. കൂടാതെ ശക്തമായ കാറ്റും ഇടിമിന്നലും അനുഭവപ്പെടുകയും ചെയ്തു. കെട്ടിടം തകരുന്നതിൻറെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.