ദില്ലി: ദില്ലി പൊലീസ് അസി. കമ്മീഷണറുടെ മകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എസിപി യശ്പാൽ സിംഗിൻ്റെ മകൻ ലക്ഷ്യ ചൗഹാൻ (24) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ രണ്ടുപേർക്കൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു ചൗഹാൻ. എന്നാൽ സാമ്പത്തിക തർക്കത്തിന്റെ പേരിൽ ചൗഹാനെ സുഹൃത്തുക്കൾ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഒരു കനാലിൽ നിന്ന് കണ്ടെടുത്തു. തീസ് ഹസാരി കോടതിയിലെ അഭിഭാഷകനാണ് ലക്ഷ്യ ചൗഹാൻ. സുഹൃത്തുക്കളായ വികാസ് ഭരദ്വാജും അഭിഷേകുമാണ് കേസിലെ പ്രതികൾ.
തിങ്കളാഴ്ച ഭരദ്വാജിൻ്റെയും അഭിഷേകിൻ്റെയും കൂടെ സോനിപത്തിലെ വിവാഹത്തിൽ പങ്കെടുക്കാനാണ് ചൗഹാൻ ഇറങ്ങിയത്. എന്നാൽ വീട്ടിൽ തിരിച്ചെത്തതോടെ എസിപി യശ്പാൽ സിംഗ് മകനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. ചൗഹാനും ഭരദ്വാജും തമ്മിലുള്ള സാമ്പത്തിക തർക്കം രൂക്ഷമായതിനാൽ കൊല്ലാൻ സുഹൃത്തുക്കൾ പദ്ധതിയിട്ടു. ഭരദ്വാജിൽ നിന്ന് ചൗഹാൻ കടം വാങ്ങിയ പണം തിരിച്ച് നൽകുന്നില്ലെന്നാരോപിച്ചാണ് തർക്കത്തിന് തുടക്കം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പദ്ധതി പ്രകാരം അഭിഷേകും ഭരദ്വാജും ചൗഹാനെ സുഹൃത്തിന്റെ വിവാഹത്തിന് പോകാമെന്ന് പറഞ്ഞ് ക്ഷണിച്ചു. മടക്കയാത്രയ്ക്കിടെ കൊലപാതകം നടത്താമെന്നും ആസൂത്രണം ചെയ്തു. വിവാഹ ചടങ്ങിന് ശേഷം മൂവരും കാറിൽ തിരിക്കവെ, മൂത്രമൊഴിക്കാനായി കനാലിന് സമീപം വാഹനം നിർത്തി. തുടർന്ന് അഭിഷേകും ഭരദ്വാജും ലക്ഷ്യ ചൗഹാനെ കനാലിലേക്ക് തള്ളിയിട്ട് അയാളുടെ കാറിൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ദില്ലിയിൽ തിരിച്ചെത്തിയപ്പോൾ, ഭരദ്വാജ് അഭിഷേകിനെ നരേലയിൽ ഇറക്കി. അഭിഷേകിനെ പൊലീസ് പിടികൂടി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ പ്രധാന പ്രതിയായ ഭരദ്വാജ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.