ദില്ലി : രാജസ്ഥാന്റെ ഉടമസ്ഥതയിലുള്ള ദില്ലിയിലെ പ്രശസ്തമായ ബിക്കാനേര്‍ ഹൗസ് പാട്യാല ഹൗസ് കണ്ടുകെട്ടാൻ കോടതി ഉത്തരവ്. സ്വകാര്യ കമ്പനിക്ക് 50 ലക്ഷം രൂപ നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. ചിത്രപ്രദര്‍ശനങ്ങളും, സാംസ്കാരിക പരിപാടികളുമായി ദില്ലിയിലെ ബിക്കാനേര്‍ ഹൗസ് ആഴ്ചയില്‍ ഏഴു ദിവസവും സജീവമാണ്.
രാജസ്ഥാനിലെ ബിക്കാനേർ രാജകുടുംബത്തിന്റെ കൊട്ടാരമായി 1929 ലാണ് ബിക്കാനേർ ഹൗസ് പണികഴിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ രാജ്യതലസ്ഥാനത്തെ പ്രധാന സാംസ്കാരിക കേന്ദ്രമായി ബിക്കാനേര്‍ ഹൗസ് മാറി. കലാസ്വാദകര്‍ക്ക് മുന്നില്‍ എന്നും വാതില്‍ തുറന്നിട്ട ബിക്കാനേര്‍ ഹൗസിനും കോടതിയുടെ പൂട്ട് വീണിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെയാണ് ബിക്കാനേർ ഹൗസിന് മുന്നില്‍ പാട്യാല ഹൗസ് കോടതി നോട്ടീസ് പതിപ്പിച്ചത്. സ്വകാര്യ കമ്പനിയായ എന്‍വിറോ ഇന്‍ഫ്രാ എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നല്‍കേണ്ട തുക നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. 2020 ലാണ് ഒത്തുതീർപ്പിന്റെ ഭാഗമായി ഈ കമ്പനിക്ക് 50 ലക്ഷം രൂപ നല്കാന് കോടതി ബിക്കനേര്‍ ഹൗസിന്റെ ഉടമസ്ഥതയുള്ള രാജസ്ഥാനിലെ നോഖ മുനിസിപ്പല്‍ കൗണ്‍സിലിനോട് ഉത്തരവിട്ടത്.
എന്നാല്‍, മുനിസിപ്പല്‍ കൗണ്‍സില്‍ ഈ തുക അടക്കാത്തതാണ് കണ്ടുകെട്ടല്‍ നടപടിയിലേക്ക് നയിച്ചത്. ഈ മാസം 29 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ പ്രതിനിധികള്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിക്കനേര്‍ ഹൗസ് കൈവിട്ടു പോകാതെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് രാജസ്ഥാന് സര്‍ക്കാര്‍ പറയുന്നത്. സെലി ഹൈഡ്രോപവർ ഇലക്ട്രിക്കൽ എന്ന കമ്പനിക്ക് 150 കോടി രൂപ തിരിച്ചു നല്‍കാത്തതിനെത്തുടര്‍ന്ന് ദില്ലിയിലെ ഹിമാചല്‍ ഭവനും അടുത്തിടെ ഹിമാചല്‍ ഹൈക്കോടതി കണ്ടുകെട്ടിയിരുന്നു.