മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് ടീം ഫിസിയോ പാട്രിക്ക് ഫര്‍ഹാര്‍ടിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹി ടീം നിരീക്ഷണത്തിലായി. പാട്രിക്ക് ഫര്‍ഹാര്‍ടിനെ ഡല്‍ഹി ക്യാപിറ്റല്‍സ് മെഡിക്കല്‍ ടീം നിരീക്ഷിച്ചുവരികയാണ് എന്ന് ഐപിഎല്‍ വൃത്തങ്ങള്‍ അറിയിച്ചു. 2019 ഓഗസ്റ്റ് മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമുണ്ട് പാട്രിക്ക് ഫര്‍ഹാര്‍ട്.
2015 മുതല്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനൊപ്പം പ്രവര്‍ത്തിച്ച പരിചയവും അദേഹത്തിനുണ്ട്. 2019 ലോകകപ്പിന് ശേഷമാണ് ഈ പാട്രിക് ഇന്ത്യന്‍ ടീമിനോട് യാത്ര പറഞ്ഞത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്സ് ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ചരിത്രവും പാട്രിക്ക് ഫര്‍ഹാര്‍ടിനുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡല്‍ഹി ക്യാപിറ്റല്‍സിലെ താരങ്ങള്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ശനിയാഴ്ച നടക്കേണ്ട റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനായി തയ്യാറെടുക്കുകയാണ് ടീം അംഗങ്ങള്‍. എന്നാല്‍ ടീമില്‍ മറ്റാര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ മത്സരം അനിശ്ചിതത്വത്തിലാകും. മുംബൈയിലെ ബ്രബോണ്‍ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയായിരുന്നു ഡല്‍ഹിയുടെ അവസാന മത്സരം.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ആദ്യമായാണ് ബയോ-ബബിളില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്.