മദ്യനയ അഴിമതി കേസ് ; അരവിന്ദ് കെജ്രിവാളിന് വീണ്ടും നോട്ടീസ് അയച്ച്‌ ഇ.ഡി

ഡല്‍ഹി : മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും നോട്ടീസ് അയച്ച്‌ ഇഡി.ഈ മാസം 21 ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. കേസില്‍ ഇത് ഒൻപതാം തവണയാണ് ഇഡി നോട്ടീസ് നല്‍കുന്നത്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്ക് റൗസ് അവന്യൂ കോടതി മുൻകൂർ ജാമ്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി വീണ്ടും നോട്ടീസ് അയച്ചത്. അറസ്റ്റില്‍ നിന്നും സംരക്ഷണം ലഭിച്ച സാഹചര്യത്തില്‍ കെജ്രിവാള്‍ ഇക്കുറി ചോദ്യം ചെയ്യലിന് ഹാജാരാകാനാണ് സാദ്ധ്യത.

Advertisements

എട്ട് തവണ നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് കെജ്രിവാള്‍ ഹാജരായിരുന്നില്ല. ഇതേ തുടർന്ന് ഇഡിയാണ് റൗസ് അവന്യൂ കോടതിയെ സമീപിച്ചത്. ഇഡിയുടെ ഹർജിയില്‍ അദ്ദേഹത്തോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. ഇത് പ്രകാരം ഇന്നലെ അദ്ദേഹം നേരിട്ട് ഹാജരായി. തുടർച്ചയായി ഇഡി നോട്ടീസ് അയക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും, അറസ്റ്റ് ചെയ്ത് തന്റെ പ്രതിച്ഛായ തകർക്കുകയാണ് ഇഡിയുടെ ശ്രമമെന്നും കെജ്രിവാള്‍ കോടതിയോട് പറഞ്ഞിരുന്നു. ഇത് പരിഗണിച്ചാണ് കോടതി അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കിയത്. ഇതിന് പുറമേ കെജ്രിവാളിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും കോടതി ഇഡിയ്ക്ക് നിർദ്ദേശം നല്‍കിയിരുന്നു.

Hot Topics

Related Articles