ദില്ലി: ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. യശ്വന്ത് വർമ്മയുടെ വീട്ടിൽ പണം നിറച്ച ചാക്കുകൾ ഉണ്ടായിരുന്നെന്ന് മൊഴി. ദില്ലി പൊലീസ്, അഗ്നിശമന സേന എന്നിവയിലെ അംഗങ്ങൾ ആണ് മൊഴി നല്കിയത്. ജഡ്ജിയുടെ വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന വാർത്ത വിവാദമായതോടെ പണം കിട്ടിയില്ലെന്ന് വ്യക്തമാക്കി ഫയർഫോഴ്സ് നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാൽ ജഡ്ജിയുടെ വീട്ടിൽ പണം ഉണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥർ നൽകിയ മൊഴി.
അതേസമയം പണം കണ്ടെത്തിയിട്ടും പിടിച്ചെടുക്കാത്തതെന്തെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി ചോദിച്ചപ്പോൾ കേസ്ഇല്ലാത്തതു കൊണ്ട് പിടിച്ചെടുക്കാൻ കഴിയില്ലായിരുന്നു എന്ന് ദില്ലി പൊലീസ് കമ്മീഷണർ നൽകിയ മറുപടി നൽകി. ഹോളി ദിനത്തില്‍ ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഒദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ 15 കോടി രൂപ കണ്ടെത്തിയെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാർത്ത വലിയ ചർച്ചയായതോടെ ജഡ്ജിയുടെ വസതിയിൽ നിന്ന് ഫയർഫോഴ്സ് പണം കണ്ടെത്തിയിട്ടില്ലെന്നും15 മിനിറ്റിനുള്ളിൽ തീയണച്ചുവെന്നും സ്റ്റേഷനറി സാധനങ്ങൾക്കാണ് തീപിടിച്ചതെന്നും വിശദീകരിച്ച് ഫയർഫോഴ്സ് മേധാവി അതുൽ ഗാർഗ് രംഗത്ത് വന്നിരുന്നു.
ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീം കോടതി യശ്വന്ത് വര്‍മ്മക്കെതിരെ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥവും മാറ്റി. അന്വേഷണ സമിതിയുടെ മൊഴിയെടുക്കലിലാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
തീപിടുത്തത്തിൽ ചാക്കുകെട്ടുകളിലുണ്ടായ പണം കത്തി നശിച്ചുവെന്നും ഇതിന്‍റെ വീഡിയോ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മൊബൈലിൽ പകർത്തിയിരുന്നു, എന്നാൽ വീഡിയോ തെറ്റായ കൈകളിൽ എത്താതിരിക്കാനായി ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അവ ഡിലീറ്റ് ചെയ്തെന്നും ഉദ്യോഗസ്ഥർ മൊഴി നൽകിയെന്നാണ് റിപ്പോർട്ടുകൾ.