ദില്ലി: ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപ്പെട്ട് 18 പേർ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് ദില്ലി. തിരക്കിൽപ്പെട്ടവർക്ക് മുക്കാൽ മണിക്കൂറിന് ശേഷമാണ് അധികൃതരുടെ സഹായം കിട്ടിയത്. ഇതാണ് ദുരന്തം ഇത്രയേറെ ഭീകരമാക്കിയത്. പ്രയാഗ് രാജിലേക്ക് പോകാൻ വലിയ തിരക്കുണ്ടെന്ന് രാത്രി 8 മണി മുതൽ വ്യക്തമായിട്ടും ഇത് നിയന്ത്രിക്കാനുള്ള നടപടികൾ റെയിൽവേ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല. വലിയ അപകടം നടന്നിട്ടും മൂടിവെക്കാനുള്ള ശ്രമമാണ് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഭാഗത്ത് നിന്നടക്കം തുടക്കത്തിൽ ഉണ്ടായത്.
വലിയ തിരക്കാണ് ഇന്നലെ വൈകുന്നേരം മുതൽ ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ ദൃശ്യമായത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ വിവിധ പ്ലാറ്റ്ഫോമുകളിൽ തടിച്ചു കൂടിയിരുന്നു. ആയിരക്കണക്കിന് ജനറൽ ടിക്കറ്റുകൾ വിറ്റു പോയിട്ടും പ്ളാറ്റ്ഫോമിലെ തിരക്ക് ക്രമീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. സഹായത്തിന് പോലും ഉദ്യോഗസ്ഥർ സ്ഥലത്തില്ലായിരുന്നുവെന്നാണ് പരിക്കേറ്റവർ പറയുന്നത്. പ്രയാഗ് രാജ് വഴിയുള്ള എല്ലാ ട്രെയിനുകളും അവസാന നാല് പ്ളാറ്റ്ഫോമുകളിൽ നിന്ന് പോകാൻ നിശ്ചയിതും ഇവിടുത്തെ തിരിക്ക് കൂടാൻ ഇടയാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ത്രീകളടക്കം നിലത്ത് വീണു കിടക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുമ്പോളും വലിയ അപകടം നടന്നിട്ടില്ലെന്ന വിശദീകരണമാണ് റെയിൽവേ മന്ത്രി അശ്വനികുമാർ വൈഷണവ് ആദ്യം നല്കിയത്. സംഭവത്തിൻറെ ഗൗരവം മറച്ചുവയ്ക്കാൻ സർക്കാർ ശ്രമിച്ചു. മരിച്ചവർക്ക് അനുശോചനം അറിയിച്ചുള്ള ദില്ലി ലഫ് ഗവർണറുടെ സാമൂഹിക മാധ്യമപോസ്റ്റ് വന്നെങ്കിലും ഇതും പിന്നീട് തിരുത്തി.
15പേർ മരിച്ചെന്ന എൽഎൻജിപി ആശുപത്രിയിൽ നിന്നുള്ള വിവരം വന്നതോടെയാണ് അപകടത്തിൽ വ്യാപ്തി വ്യക്തമായത്. അപകടം നടന്നതിന് പിന്നാലെ സംഭവസ്ഥലത്ത് എത്തിയ നിന്ന് യാത്രക്കാരുടെ ബാഗുകളും സാധനങ്ങളും മാറ്റുന്നതാണ് കാണാൻ കഴിഞ്ഞത്. കുട്ടികളുടെ അടക്കം ചെരുപ്പുകളും ബാഗുകളും മൊബൈൽ ചാർജ്ജർ, ഭക്ഷണസാധനങ്ങൾ എന്നിവ പ്ലാറ്റ്ഫോമിന് താഴെ ചിതറി കിടക്കുന്നുണ്ടായിരുന്നു.
ആദ്യം മാധ്യമങ്ങളെ സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നത് തടഞ്ഞ അധികൃതർ മനപൂർവ്വം കാര്യങ്ങൾ മറച്ചുവെക്കാനുള്ള നീക്കം കൂടിയാണ് നടത്തിയത്. ഇന്ന് രാവിലെയോടെ അപകടം നടന്ന സ്ഥലം ആകെ വൃത്തിയാക്കി. തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ ഒന്നും ചെയ്തില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ പ്രതികരണം.