തിരുവനന്തപുരം: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസില്‍ രണ്ടാം പ്രതി റജീനയെ ഇതുവരെ പൊലീസിന് കണ്ടെത്താനായില്ല. കാരയ്‌ക്കാമണ്ഡപത്തെ വാടക വീട്ടില്‍ താമസിച്ചിരുന്ന ഷമീറയാണ് മരിച്ചത്. ഭർത്താവ് നയാസും അക്യുപങ്‌ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനും ചേർന്ന് പ്രസവ ചികിത്സ നല്‍കാതെ വീട്ടമ്മയെയും കുഞ്ഞിനെയും മരണത്തിലേക്ക് തള്ളിവിട്ടുവെന്നാണ് കേസ്.
ആശുപത്രിയില്‍ കൊണ്ടുപോകുന്നതില്‍ നിന്ന് നയാസിനെ ആദ്യ ഭാര്യ റജീന തടഞ്ഞുവെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം പൂന്തുറയിലെ സ്വന്തം വീട്ടില്‍ നിന്ന് റെജീന ഒളിവില്‍ പോയി. പ്രതിയെ ഒളിവില്‍ പാർപ്പിച്ച ചിലരെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ നയാസും ഷിഹാബുദ്ദീനും ഇപ്പോള്‍ റിമാൻഡിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവം എടുക്കുന്നതിനിടെയാണ് രക്തസ്രാവത്തെ തുടർന്ന് പാലക്കാട് സ്വദേശിയായ ഷമീറ മരിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടാൻ ആശാവർക്കർമാർ ഉള്‍പ്പെടെ നിർദേശിച്ചിട്ടും നയാസ് സമ്മതിച്ചിരുന്നില്ല. പൂന്തുറ സ്വദേശി നയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീറ. ഇവർക്ക് മൂന്ന് മക്കളുണ്ട്. നാലാമത്തെ പ്രസവത്തിനിടെയാണ് മരണം. ആദ്യ ഭാര്യയും മകളുമാണ് പ്രസവം എടുക്കാൻ ശ്രമിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. നേമം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.