സംസ്ഥാനത്തെ ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി റിപ്പോർട്ടുകള്‍. 2000-ല്‍ 5 ലക്ഷം കേസുകളില്‍ നിന്ന് 2019-ല്‍ 52 ലക്ഷം കേസുകളായി വർധിച്ചതായി ലോകാരോഗ്യ സംഘടന (WHO) റിപ്പോർട്ട് ചെയ്യുന്നു. ഭൂരിഭാഗം കേസുകളും രോഗലക്ഷണങ്ങളില്ലാത്തവയാണെന്ന് വിദഗ്ധർ പറയുന്നു. ഡെങ്കിപ്പനിയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് പനിയാണ്. പക്ഷേ, സാധാരണ പനിയും ഡെങ്കിപ്പനിയും തമ്മില്‍ എങ്ങനെ വേർതിരിക്കാം? കൊതുകില്‍ നിന്ന് ഒരു വ്യക്തിയിലേക്ക് പടരുന്ന ഒരു വൈറല്‍ അണുബാധയാണ് ഡെങ്കിപ്പനി. ഉഷ്ണമേഖലാ കാലാവസ്ഥകളില്‍ ഇത് സാധാരണമാണ്. തലവേദന, ശരീരവേദന, ഓക്കാനം, ചുണങ്ങു എന്നിവയ്‌ക്കൊപ്പം ഉയർന്ന പനി ഉണ്ടാകുന്നതാണ് പ്രധാനപ്പെട്ട ലക്ഷണം.
ചിലർ 1-2 ആഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിക്കാൻ തുടങ്ങുന്നു. ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നു. ഡെങ്കിപ്പനിയുടെ പ്രധാന കാരണക്കാരൻ കൊതുകുതന്നെയാണ്. ഈഡിസ് ഈജിപ്തി, ഈഡിസ് അല്‍ബോപിക്ടസ് എന്നീ രണ്ടുതരം പെണ്‍ കൊതുകുകളാണ് ഡെങ്കി വൈറസ് പരത്തുന്നത്. ആദ്യ ഇനം കൂടുതലും വീട്ടിനകത്തും രണ്ടാമത്തേത് പുറത്തുമാണ് കൂടുതലും കാണുന്നത്. ഡെങ്കിപ്പനി ബാധിച്ചാല്‍ രോഗിക്ക് സന്ധികളിലും പേശികളിലും വേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, മൂക്കില്‍ നിന്നും മോണയില്‍ നിന്നും രക്തസ്രാവം, ചുവന്ന പാടുകള്‍ അല്ലെങ്കില്‍ ശരീരത്തില്‍ ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകാം. രക്തപരിശോധനയില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞാല്‍ ഡെങ്കിപ്പനി സ്ഥിരീകരിക്കാം. ചിലപ്പോള്‍, പനി മാറിക്കഴിഞ്ഞാല്‍, അതികഠിനമായ വയറുവേദന, നിരന്തരമായ ഛർദ്ദി, ക്ഷീണം, അസ്വസ്ഥത, ഛർദ്ദിയിലോ മലത്തിലോ രക്തം, അമിത ദാഹം, വിളറിയതും തണുത്തതുമായ ചർമ്മം, ബലഹീനത തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരെമറിച്ച്, നിങ്ങള്‍ക്ക് സാധാരണ പനി വരുമ്ബോള്‍ അത് ആൻറിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സിക്കുകയും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മാറുകയും ചെയ്യും.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടാൻ വെെകരുത്. കാരണം അത് ജീവന് ഭീഷണിയാകാം. കുട്ടികളില്‍ ഡെങ്കിപ്പനി ബാധിച്ചാല്‍ ശരീര താപനില നിരീക്ഷിക്കുകയും ധാരാളം വെള്ളം നല്‍കുകയും ചെയ്യുക. ഡെങ്കിപ്പനി പരത്തുന്നത് കൊതുകിലൂടെയാണ്. അതിനാല്‍ വീട്ടിലോ പരിസരത്തോ കൊതുകുകളുടെ പ്രജനന കേന്ദ്രം ഇല്ലെന്ന് ഉറപ്പാക്കുക. രോഗങ്ങള്‍ പടരുന്നത് തടയാൻ ഇത് സഹായിക്കും. കൂടാതെ, മഴക്കാലത്ത് കുട്ടികളെ വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗത്ത് വിടരുത്. കൊതുക് വലകള്‍, റിപ്പല്ലൻ്റുകള്‍ എന്നിവ ഉപയോഗിച്ച് കൊതുകുകളെ അവയെ അകറ്റി നിർത്താനും ശ്രദ്ധിക്കുക.