തിരുവനന്തപുരം: കാലാവസ്ഥ മാറിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ഡെങ്കിപ്പനിക്കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞദിവസം 127 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് 41 പേര്‍ക്കും കൊല്ലത്ത് 28 പേര്‍ക്കും തൃശൂരില്‍ 23 പേര്‍ക്കുമാണ് രോഗബാധ. മലപ്പുറത്ത് 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുപുറെമ സംസ്ഥാനത്താകെ 298 പേര് രോഗബാധ സംശയവുമായി ചികിത്സ തേടിയിട്ടുണ്ട്. 66 പേര് ചികിത്സയിലുള്ള എറണാകുളമാണ് ഇക്കാര്യത്തില്‍ മുന്നില്‍. തൃശൂരില്‍ 58 ഉം മലപ്പുറത്ത് 33 ഉം പേര് ചികിത്സയിലുണ്ട്.
ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പനിയുടെ ആരംഭത്തില്‍തന്നെ ചികിത്സ ഉറപ്പാക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഴക്കാലം ആരംഭിച്ചതോടെയാണ് പലയിടത്തും ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയത്. ആശങ്കയുയര്‍ത്തി സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ബാധിത മേഖലകള്‍ (ഹോട്ട് സ്പോട്ട്) ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ ഹോട്ട് സ്പോട്ടുകള്‍.
സാധാരണ ഡെങ്കിപ്പനി (ക്ലാസിക് ഡെങ്കി ഫീവര്‍), രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി (ഡെങ്കി ഹെമറേജിക് ഫീവര്‍), ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി (ഡെങ്കി ഷോക്ക് സിന്‍ഡ്രോം) എന്നിങ്ങനെ മൂന്നുതരം ഡെങ്കികേസുകളാണ്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കൂടുതലും അധികം ഭീഷണിയാവാത്ത സാധാരണ ഡെങ്കിപ്പനിയാണ്.