തിരുവനന്തപുരം: ശബരിമലയിലെത്തുന്ന ഭക്തജനങ്ങള്‍ക്കും ദേവസ്വം ജീവനക്കാർക്കുമായി സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഇതിനുപുറമേ, ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങള്‍ക്ക് പ്രത്യേകമായി അപകട സുരക്ഷാ പദ്ധതി സംസ്ഥാന സർക്കാരുമായി ചേർന്ന് തുടക്കമിട്ടിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസാണ് ദേവസ്വം ജീവനക്കാരുടെയും ഭക്തജനങ്ങളുടെയും പദ്ധതിയിലുള്ളത്.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലാ പരിധിയില്‍ അപകടം സംഭവിച്ചാല്‍ ഭക്തജനങ്ങള്‍ക്കും ജീവനക്കാർക്കും ഇൻഷുറൻസിന്റെ പ്രയോജനം ലഭിക്കും. വെർച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിംഗ് വഴി എത്തുന്ന ഭക്തർ ഈ പരിരക്ഷയില്‍ വരും. യുണൈറ്റഡ് ജനറല്‍ ഇൻഷുറൻസ് കമ്പനി വഴിയാണ് ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത്. ഇതിന്റെ പോളിസി തുക പൂർണ്ണമായും ദേവസ്വം ബോർഡ് വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിശുദ്ധി സേനാംഗങ്ങള്‍ക്കായി പുതുതായി തൊഴിലിടങ്ങളിലെ അപകട ഇൻഷുറൻസ് പരിരക്ഷാ പദ്ധതി സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം ആയിരത്തോളം വരുന്ന ശുചീകരണ തൊഴിലാളികള്‍ക്കും താല്‍പര്യമുള്ള ഡോളി തൊഴിലാളികള്‍ക്കുമാണ് ലഭിക്കുന്നത്. ഇന്ത്യാ പോസ്റ്റല്‍ പേയ്‌മെന്റ് ബാങ്ക് മുഖേനയാണ് ഇൻഷുറൻസ് പരിരക്ഷ നല്‍കുന്നത്. ഈ പദ്ധതിയില്‍ അംഗത്വം നല്‍കുന്ന നടപടികള്‍ ആരംഭിച്ചതായി ശബരിമല എ.ഡി.എം അരുണ്‍ എസ്.നായർ പറഞ്ഞു.
തൊഴില്‍ സംബന്ധമായ അപകടം കാരണം മരണം സംഭവിക്കുകയാണെങ്കില്‍ പത്ത് ലക്ഷം രൂപയും പൂർണ്ണമായ വൈകല്യം സംഭവിച്ചാല്‍ 10 ലക്ഷം രൂപയും ഭാഗികമായി അംഗവൈകല്യം സംഭവിച്ചാല്‍ അഞ്ച് ലക്ഷം രൂപയും ലഭിക്കും. കുട്ടികള്‍ വിദ്യാർത്ഥികളാണെങ്കില്‍ വിദ്യാഭ്യാസ ആനുകൂല്യവും പദ്ധതിയിലുണ്ട്. 499 രൂപ പ്രീമിയം നിരക്കില്‍ ഒരു വർഷത്തേക്കാണ് ഇൻഷുറൻസ് ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.