പെരുമ്പാവൂർ : ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ കെഎസ്ഇബി ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി. വ്യാപകമായി പ്രതിഷേധം ഉയർന്നതോടെ രണ്ടു മണിക്കൂറിനു ശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു.യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണു സംഭവം.
40 ഓളം രോഗികള്‍ക്കു സൗജന്യ നിരക്കില്‍ ഡയാലിസിസ് നടത്തുന്നതിനിടെയാണു കെഎസ്ഇബി. ലൈൻമാനെത്തി ഫ്യൂസ് ഊരിയത് .ഇൻവെർട്ടർ സംവിധാനം ഉപയോഗിച്ച് അല്പസമയം മാത്രമേ വൈദ്യുതി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ആശുപത്രി അധികൃതരും, എംഎല്‍എ അടക്കമുള്ളവരും വെങ്ങോല കെഎസ്ഇബി ഓഫീസില്‍ ബന്ധപ്പെട്ടെങ്കിലും ബില്‍ തുക അടയ്ക്കാതെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നായിരുന്നു കെഎസ്ഇബിയുടെ നിലപാട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കല്‍, വാർഡ് മെമ്പർ പി.പി.എല്‍ദോസ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാർ ഉള്‍പ്പെടെ വെങ്ങോല കെഎസ്ഇബി ഓഫിസിലെത്തി ഉപരോധം ആരംഭിക്കുകയായിരുന്നു. സംഭവം വഷളാകുമെന്നു കണ്ടതോടെ 11 മണിയോടെ ഓവർസിയറെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.30,000 രൂപയോളമാണു കൊയ്നോണിയ സെന്ററിലെ വൈദ്യുതി ബില്‍. മേയ് ഒന്നിനു ബില്‍ തുകയ്ക്കുള്ള ചെക്കുമായി കൊയ്നോണിയയിലെ ജീവനക്കാരൻ വൈദ്യുതി ഓഫിസിലെത്തിയെങ്കിലും അവധിയായതിനാല്‍ പിറ്റേദിവസം അടച്ചാല്‍ മതിയെന്നു പറഞ്ഞു മടക്കിവിടുകയായിരുന്നു. എന്നാല്‍ പിറ്റേന്ന് ഓഫിസ് തുറക്കുന്നതിനു മുന്നേ ലൈൻമാനെത്തി ഫ്യൂസൂരുകയായിരുന്നു.