തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ പിന്തുണയോടെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ ഡിജിറ്റല്‍വത്കരിക്കുന്നതിനുളള പദ്ധതി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ( കെഎസ് യുഎം ) നടപ്പിലാക്കുന്നു. ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളേയും സാങ്കേതിക വൈദഗ്ധ്യമുള്ള വ്യവസായികളേയും ചെറുകിട-ഇടത്തരം സംരംഭങ്ങളേയും ഒരു കുടക്കീഴില് കൊണ്ടുവരികയാണ് ലക്ഷ്യം.
മാര്‍ച്ച് രണ്ടാം വാരം കാലിക്കറ്റ് ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കില്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. അതിനോട് അനുബന്ധിച്ച് സ്റ്റാര്‍ട്ടപ്പ്-എസ്എംഇ സമ്മേളനവും കെഎസ്യുഎം സംഘടിപ്പിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് ഡിജിറ്റല്‍വത്കരണം അനിവാര്യമായതിനാല്‍ അധികം സാമ്പത്തിക ബാധ്യതയില്ലാതെ കേരളത്തിലെ സംരംഭങ്ങളെ അതിനു പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. മിതമായ നിരക്കിലാണ് കെഎസ്യുഎം സേവനങ്ങളും പ്രതിവിധികളും ലഭ്യമാക്കുന്നത്. വ്യവസായ സംരംഭങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഉയരുന്നതിനും അനുയോജ്യ പ്രതിവിധികള്‍ കൃത്യസമയത്ത് ലഭ്യമാക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയും. ചെറുകിട സംരംഭങ്ങള്‍ക്ക് നൂതന സേവനങ്ങള്‍ ലഭ്യമാക്കുന്നതും ഉത്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതുമായ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്തും പുറത്തുമുണ്ട്. പദ്ധതിയുടെ ഭാഗമായി ഇത്തരം സ്റ്റാര്‍ട്ടപ്പുകളേയും വ്യവസായ സംരംഭങ്ങളേയും പരസ്പരം ബന്ധിപ്പിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റാര്‍ട്ടപ്പ്-എസ്എംഇ സമ്മേളനത്തില്‍ ചെറുകിട വ്യവസായങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുകയും ഉത്പ്പന്നങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനവും ചെറുകിട മേഖലകളിലെ സാങ്കേതിക വിദഗ്ധരുടെ സെഷനുകളും നടക്കും. വിജയകരമായ രീതിയില്‍ ചെറുകിട വ്യവസായങ്ങളെ ഡിജിറ്റല്‍വത്ക്കരിച്ച വ്യവസായികളുടെ അനുഭവങ്ങളും പങ്കുവയ്ക്കും.
ചെറുകിട സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സാങ്കേതിക ഉത്പന്നങ്ങളോ സേവനങ്ങളോ ലഭ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സമ്മേളനത്തോട് അനുബന്ധിച്ചുനടക്കുന്ന സ്റ്റാര്‍ട്ടപ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വ്യവസായികള്‍ക്കും വ്യവസായ സംഘടന പ്രതിനിധികള്‍ക്കും മുന്നില്‍ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും അവസരമുണ്ട്.
സ്റ്റാര്‍ട്ടപ്പ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ bit.ly/SME_conclave എന്ന ലിങ്കില്‍ അപേക്ഷിക്കുക. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 26.