കോട്ടയം: ജില്ലാ ഭരണകൂടത്തിന്റെ വെബ് സൈറ്റിന് ലഭിച്ച കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ‘ഗോൾഡ്’ ദേശീയ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയും ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ബീനാ സിറിൾ പൊടിപാറയും ഏറ്റുവാങ്ങി.
ന്യൂഡൽഹി വിഗ്യാൻ ഭവനിലെ പ്ലീനറി ഹാളിൽ ജനുവരി ഏഴിന് രാവിലെ 11ന് നടക്കുന്ന ചടങ്ങിലാണ് രാഷ്ട്രപതി പുരസ്കാരം സമ്മാനിച്ചത്.
കേന്ദ്ര ഇലക്ട്രോണിക്സ്-ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ്, മന്ത്രാലയം സെക്രട്ടറി അൽകേഷ് കുമാർ ശർമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വെബ്സൈറ്റുകൾക്കായി കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്ന മികച്ച വെബ്സൈറ്റ്, മൊബൈൽ സംരംഭക വിഭാഗത്തിലാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നൽകുന്ന പുരസ്കാരത്തിനാണ് ജില്ലയുടെ വെബ്സൈറ്റ് (kottayam.gov.in ) അർഹമായത്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് വെബ്സൈറ്റ് രൂപകൽപന ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാധാരണക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലും ഭിന്നശേഷി സൗഹൃദവുമായാണ് വെബ്സൈറ്റിന്റെ രൂപകൽപന. കാഴ്ചപരിമിതിയുള്ളവർക്കായി വലിയ അക്ഷരത്തിൽ കാണുന്നതിനും വെബ്സൈറ്റിലെ വിവരങ്ങൾ കേൾക്കുന്നതിനുമുള്ള സൗകര്യവുമുണ്ട്. മൊബൈൽ, ടാബ് ലെറ്റുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങി എല്ലാ ഉപകരണങ്ങളിലും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ വെബ് സൈറ്റ് ലഭിക്കും.
പ്രധാന വകുപ്പുകൾ സംബന്ധിച്ച വിവരങ്ങൾ, പദ്ധതികൾ, സേവനങ്ങൾ എന്നിവയ്ക്കൊപ്പം പൊതുജനങ്ങൾക്ക് വെള്ളം, വൈദ്യുതി, മറ്റ് ബില്ലുകൾ അടയ്ക്കുന്നതിനുള്ള ലിങ്കുകൾ, വോട്ടർ രജിസ്ട്രേഷൻ, വിവാഹം, ജനനം, മരണം രജിസ്ട്രേഷൻ, ഓൺലൈനായി ഭൂനികുതി അടയ്ക്കൽ തുടങ്ങി നാൽപതോളം സർക്കാർ സംബന്ധമായ മൊബൈൽ ആപ്ലിക്കേഷനുകളുടെ ലിങ്ക്, വീഡിയോ ഫോട്ടോ ഗാലറി എന്നിവയും വെബ്സൈറ്റിലുണ്ട്.