കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നടന് ദിലീപിന്റെ അഭിഭാഷകന് അഡ്വ. ബി. രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം. ഇതു സംബന്ധിച്ച് കോട്ടയം ക്രൈംബ്രാഞ്ച് രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്കി.
എന്നാല്‍ ഇത് കള്ളക്കേസാണെന്നും തനിക്കു നോട്ടീസ് അയച്ചതു നിയവിരുദ്ധവും തെറ്റായ നടപടിയുമാണെന്നു ബി. രാമന്‍പിള്ള മറുപടി നല്കി. എഫ് .ഐ.ആറില്‍ ഉള്ള ഒരു കുറ്റവും പ്രഥമദൃഷ്ട്യാ നിലനില്ക്കിലെന്നാണു ഹൈക്കോടതിയുടെ കണ്ടെത്തല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസ് നിയമപരമായി നിലനില്‍ക്കാത്തതും നിയമവാഴ്ചയ്ക്കെതിരേയുള്ള വെല്ലുവിളിയുമാണ്- രാമന്‍പിള്ള പറഞ്ഞു, കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസിലെ സാക്ഷിയെ സ്വാധീനിക്കാന ശ്രമിച്ചു എന്നതാണ് കേസ്. ഈ കേസിന്റെ അന്വേഷണ ആവശ്യത്തിലേക്കു നേരില്‍കണ്ടു ചോദിച്ചു മൊഴി രേഖപ്പെടുത്തേണ്ടതു അത്യാവശ്യമാണെന്നാണു നോട്ടീസില്‍ അറിയിച്ചിട്ടുള്ളത്.
അതിനിടെ ക്രൈംബ്രാഞ്ചിന്റെ നീക്കത്തിനെതിരെ ഹൈക്കോടതിയിലെ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. അഭിഭാഷക അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ക്രൈംബ്രാഞ്ചിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് നീക്കം പിന്‍വലിക്കണമെന്നും അഭിഭാഷക അസോസിയേഷന് ആവശ്യപ്പെട്ടു.