കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വീണ്ടും നിര്‍ണായക വെളിപ്പെടുത്തലുമായി സംവിധായകന് ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിച്ച കേസില്‍ സാക്ഷി മൊഴി മാറ്റിയത് സ്വാധീനിച്ചിട്ടാണെന്ന് പൊലീസിനെ ആദ്യം അറിയിക്കുന്നത് കാവ്യാമാധവന്റെ സഹോദരന്റെ ഭാര്യയാണെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.
സാക്ഷിയെ സ്വാധീനിച്ച കാര്യങ്ങള്‍ പൊലീസ് മണത്ത് കണ്ട് പിടിച്ചത് അല്ലെന്നും ദിലീപിന്റെ പാളയത്തില്‍ നിന്ന് തന്നെ അത്യാവശ്യം വേണ്ട കാര്യങ്ങള്‍ രഹസ്യമായി പൊലീസിന് ലഭിക്കുന്നുണ്ടെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാലചന്ദ്രകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ.. ”എന്റെ വിശ്വാസ്യതയെ നശിപ്പിക്കാനുള്ള ശ്രമവും ദിലീപ് വാദികള്‍ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. ബലാത്സംഗ ആരോപണങ്ങള്‍ അതിന് മുന്നോടിയായി വന്നതാണ്. പരാതി മുഖ്യമന്ത്രിക്ക് കൈമാറുന്നത് വരെ ഒരു പെറ്റി കേസ് പോലും എന്റെ പേരില്‍ ഇല്ല. ശേഷം ദിലീപിന്റെ അനുഗ്രഹം കൊണ്ട് ഒരുപാട് കേസ് എന്റെ പേരില്‍ വന്നു.
അതെല്ലാം നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇനി സാക്ഷികളെ സ്വാധീനിച്ച കാര്യം പറയുകയാണെങ്കില്‍.
ഒരു സാക്ഷിയെ ഇവര്‍ സ്വാധീനിച്ചതുമായി ബന്ധപ്പെട്ട് നടന്ന ഒരു ചര്‍ച്ച ഞാന്‍ റെക്കോര്‍ഡ് ചെയ്ത് കൊടുത്തിട്ടുണ്ട്. സ്വാധീനിച്ചിട്ടാണ് സാക്ഷി മൊഴി മാറ്റിയതെന്ന് പൊലീസിനെ ആദ്യം അറിയിക്കുന്നത് കാവ്യാമാധവന്റെ സഹോദരന്റെ ഭാര്യയാണ്, റിയയാണ്.
ഈ പെണ്‍കുട്ടിയാണ് പൊലീസിനെ ആദ്യമായി ഇന്‍ഫോം ചെയ്യുന്നത്. കാവ്യയ്ക്ക് പങ്കുണ്ടെന്ന് സുരാജ് പറഞ്ഞത് പോലെ അവരുടെ പാളയത്തില്‍ നിന്ന് തന്നെ അത്യാവശ്യം വേണ്ട കാര്യങ്ങള്‍ രഹസ്യമായി പൊലീസിന് കൊടുത്തു കൊണ്ടിരിക്കുന്നുണ്ട്. കൊടുത്തിട്ടുമുണ്ട്. സാക്ഷിയെ സ്വാധീനിച്ച കാര്യങ്ങള്‍ പൊലീസ് മണത്ത് കണ്ട് പിടിച്ചത് അല്ല. റെക്കോര്‍ഡ് ചെയ്ത ഓഡിയോയുടെ കൂട്ടത്തില്‍ സുരാജ്, അനൂപ്, അഡ്വ. ഫിലിപ്പ് എന്നിവര്‍ ഒരുമിച്ച് പ്രധാനപ്പെട്ട സാക്ഷിയായ സാഗറിനെ മൊഴി മാറ്റിച്ചെന്ന് അവര്‍ തന്നെ സമ്മതിച്ച് കൊണ്ട് വ്യക്തമായി സംസാരിക്കുന്ന ഓഡിയോ പൊലീസിന്റെ കൈയിലുണ്ട്. ഏത് കാറില്‍ കൊണ്ടുപോയി, എവിടെ കൊണ്ടുപോയി മൊഴി മാറ്റി, എത്ര രൂപ കൊടുത്തു, ഇപ്പോള്‍ എത്ര രൂപ ചോദിക്കുന്നു എന്നതും ഓഡിയോയിലൂണ്ട്. കോടതിക്ക് ഇത് കേട്ടാല്‍ മനസിലാവില്ലേ. അവര്‍ അല്ലാ ഇതെന്ന് ശാസ്ത്രീയമായി തെളിയിക്കട്ടേ. കോടതിയെന്ന് പറയുന്നത് ജീവനുള്ള കസേരയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാനെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.