കോഴിക്കോട്: ചക്കിട്ടപാറയിലെ ഭിന്നശേഷിക്കാരന്റെ ആത്മഹത്യയിൽ കോൺഗ്രസിന്റെ വാദം തള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ. കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി തയ്യാറാക്കിയ നാടകമാണ് ഇപ്പോളത്തെ വിവാദമെന്നും മരിച്ച ജോസഫ് കോൺഗ്രസ് അനുഭാവിയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ പറഞ്ഞു. ഓഗസ്റ്റ് മാസം വരെയുള്ള പെൻഷൻ ജോസഫ് കൈപ്പറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മഹത്യാ ഭീഷണി ഇപ്പോൾ തുടങ്ങിയതല്ല. മുമ്പ് കളക്ടറേറ്റിൽ പോയി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളാണെന്നും പ്രസിഡന്റ് പറഞ്ഞു.
പെൻഷൻ കിട്ടാത്തത് കൊണ്ടാണ് ആത്മഹത്യ എന്ന വാദം അസംബന്ധമാണ്. പഞ്ചായത്ത് എല്ലാ അനുകൂല്യവും നൽകിയിട്ടുണ്ട്. നിരവധി സമരം അദ്ദേഹം നടത്തിയിട്ടുണ്ട്. അതിലൊക്കെ വല്ല വസ്തുതയും ഉണ്ടോ എന്നും കെ സുനിൽ ചോദിച്ചു. എൽഡിഎഫ് സർക്കാരാണ് ഉയർന്ന പെൻഷൻ കൊടുത്തിരുന്നത് എന്നറിയാത്തവരാണോ ജോസഫിന്റെ പെൺമക്കൾ? ജോസഫ് നാടിനു വേണ്ടിയുള്ള പോരാട്ടമല്ല നടത്തിയത്. വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയാണ് മുമ്പും സമരം നടത്തിയത്. ഒരാൾ ഒരു ആവശ്യത്തിന് വേണ്ടി മണ്ണെണ്ണയുമായി ആത്മഹത്യ ഭീഷണി നടത്തിയാൽ അതിനെ പ്രോത്സാഹിപ്പിക്കുകയാണോ വേണ്ടത്? അത് കേരളത്തിലെ സമര രീതിയെ അപഹസിക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അദ്ദേഹം ഒറ്റക്കാണ് താമസിച്ചിരുന്നത്. ഭാര്യ മരിച്ചതിന് ശേഷം മകളെ കന്യാസ്ത്രീ മഠത്തിലാക്കി. ഒറ്റക്ക് താമസിക്കുന്ന ഒരാളെന്ന നിലക്ക് അനാഥത്വം പേറുന്ന ആളായിരുന്നു. അതുകൊണ്ട് പെൻഷൻ കിട്ടാത്തത് കൊണ്ടാണെന്ന് വരുത്തി തീർക്കേണ്ട കാര്യമില്ല. എന്തെങ്കിലും മാനസിക സംഘർഷമായിരിക്കും അദ്ദേഹത്തിന് എന്നേ എനിക്ക് പറയാനുള്ളൂ. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ പറഞ്ഞു.