കോട്ടയം: ജില്ലാ ജയിൽ നിന്നും ചാടിയ പ്രതി അസം സ്വദേശി അമിനുൽ ഇസ്ലമിനെ പിടികൂടി കോട്ടയത്ത് എത്തിച്ചു. ജയിൽ ചാടി അസമിലേക്ക് മുങ്ങിയ പ്രതിയെ രണ്ടാഴ്ചയിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് ജയിൽ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം അസമിൽ നിന്നും പിടികൂടിയത്.
കോട്ടയത്ത് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് മാറ്റി.
ഇനി ജയിൽ ചാടിയ കേസിൽ ഈസ്റ്റ് പോലീസ് എത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഈസ്റ്റ് പോലീസും സംഘത്തിനൊപ്പം ഉണ്ടായിരുന്നെങ്കിലും അവർ തിരികെ മടങ്ങിയിരുന്നു. ജൂൺ 30നു രാവിലെ ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് ഇയാൾ റെയിൽ വേ പൊലീസിന്റെ പിടിയിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റിമാൻഡിലായ പ്രതി ജൂലൈ 1ന് ജില്ലാ ജയിലിൽനിന്നു കടന്നു കളഞ്ഞു. തുടർന്നു നടന്ന അന്വേഷണത്തിൽ ഇയാൾ ആലുവ റെയിൽവേ സ്റ്റേഷനിലെത്തി യാത്രക്കാരുടെ ഫോണുകൾ വാങ്ങി വിളിക്കുന്ന സിസിടിവി ദൃശ്യം അന്വേഷണസംഘത്തിനു ലഭിച്ചതാണു വഴിത്തിരിവായത്. വിളിച്ച ശേഷം നമ്പറുകൾ അമിനുൽ ഡിലീറ്റ് ചെയ്തിരുന്നു. ഒരു യാത്രക്കാരന്റെ ഫോണിൽനിന്നു അമിനുൽ ഭാര്യയുടെ ഫോണിലേക്കു വിളി ചെയ്തിരുന്നില്ല. ഈ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു വിവരങ്ങൾ ലഭിച്ചത്.
തുടർന്ന് അന്വേഷണസംഘം വിമാനമാർഗം അസമിലെത്തി. 15 ദിവസം അവിടെ താമസിച്ച് 3 ഗ്രാമങ്ങളിലും 4 മാർക്കറ്റുകളിലും പരിശോധന നടത്തി. വിവരം ലഭിക്കാതെ വന്നതോടെ 18നു തിരികെ കോട്ടയത്തേക്കു ട്രെയിൻ കയറി. യാത്രയ്ക്കിടെയാണ്, അമിനുൽ ഗ്രാമത്തിലെത്തിയ വിവരം പ്രദേശവാസികൾ ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച പ്രതിയെ പൊലീസുകാർ തിരികെപ്പോയി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജില്ലാ ജയിൽ സൂപ്രണ്ടിന്റെ നിർദ്ദേശ പ്രകാരം അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ കണ്ണൻ, പരമേശ്വരൻ, സന്ദീപ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടി കോട്ടയത്ത് എത്തിച്ചത്.