പത്തനംതിട്ട :
നെല്‍കര്‍ഷകര്‍ക്കുള്ള നെല്ലിന്റെ സംഭരണവില അടിയന്തിരമായി വിതരണം ചെയ്യണമെന്ന് അഡ്വ.മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്‍കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകണം. തുക വിതരണം ചെയ്യുന്ന കാര്യത്തില്‍ കാലതാമസം നേരിടാന്‍ പാടില്ല. പാടശേഖരങ്ങളില്‍ കിടക്കുന്ന കേടായ കൊയ്ത്തുമെഷീനുകള്‍ എത്രയും വേഗത്തില്‍ നീക്കം ചെയ്യണം.
തിരുവല്ല- മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ് ഭൂമിയേറ്റെടുക്കല്‍ പ്രവര്‍ത്തികള്‍ വൈകിപ്പിക്കരുത്. സര്‍വേയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി എത്രയും വേഗത്തില്‍ അത് പൂര്‍ത്തിയാക്കണം. അടുത്ത ജില്ലാ വികസന സമിതിയില്‍ തീരുമാനം അറിയിക്കണമെന്നും എംഎല്‍എ പറഞ്ഞു. തിരുവല്ല പോലീസ് സ്റ്റേഷനു സമീപം കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി ഇത് എത്രയും വേഗത്തില്‍ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ തിരുവല്ല-മല്ലപ്പള്ളി റോഡിലും റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷനിലും ഹംപ് വയ്ക്കുന്ന പ്രവര്‍ത്തികള്‍ വേഗത്തിലാക്കണം. പുളിക്കീഴ് പോലീസ് സ്റ്റേഷന്‍ നിര്‍മാണത്തിന്റെ ബാക്കി പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ ഒരുമിച്ചു ചെയ്യണമെന്നും നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള തുക മുഴുവന്‍ ലഭ്യമാക്കി നല്‍കണമെന്നും എംഎല്‍എ പറഞ്ഞു.
തിരുവല്ല ടൗണിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനായി ഡിവൈഡറുകള്‍ സ്ഥാപിച്ച കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയെ നിയമിച്ചത് ആരാണെന്നും പരസ്യത്തില്‍ നിന്നുള്ള വരുമാനം ആര്‍ക്കാണ് ലഭിക്കുന്നതെന്നും പോലീസ് അന്വേഷിക്കണമെന്നും എംഎല്‍എ പറഞ്ഞു. ആനിക്കാട് പഞ്ചായത്തിലെ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. മുത്തൂര്‍ ട്രാഫിക് സിഗ്നല്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സ്റ്റോപ് ലൈന്‍ വരയ്ക്കുന്ന പ്രവര്‍ത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അപകടങ്ങള്‍ ആ പ്രദേശത്ത് തുടര്‍ക്കഥയാകുന്നുവെന്നും എംഎല്‍എ പറഞ്ഞു.
തിരുവല്ല ബൈപാസിലെ നാല് ജംഗ്ഷനുകളുടെ സൗന്ദര്യവത്ക്കരണം നടത്തണമെന്നും അതിനായുള്ള സ്‌പോണ്‍സര്‍മാരെ എത്രയും വേഗത്തില്‍ കണ്ടെത്തണമെന്നും മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു.
പത്തനംതിട്ട ജില്ല മാലിന്യസംസ്‌കരണരംഗത്തെ മാതൃകയാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഓരോ വകുപ്പും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി സര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ച് മുന്നോട്ട് പോകണം. എഡിഎം ഇക്കാര്യം ഏകോപിപ്പിക്കണം. ഓരോ സര്‍ക്കാര്‍ ഓഫീസുകളിലുമുള്ള മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് പ്രത്യേക പദ്ധതിയുണ്ടാക്കണം. ഇത് നോഡല്‍ ഓഫീസര്‍മാര്‍ ഏകോപിപ്പിക്കണം.
രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്നും ഇല്ലെങ്കില്‍ ദുരന്തനിവാരണ നിയമത്തിന്റെ കീഴില്‍ കൊണ്ടുവന്ന് ഉത്തരവാക്കി പുറത്തിറക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, എഡിഎം ബി. രാധാകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.