വാർഷിക പദ്ധതി നിർവഹണത്തിൽ കോട്ടയം ജില്ലയുടെ കുതിപ്പ്; സംസ്ഥാനതലത്തിൽ മൂന്നാമത്

കോട്ടയം ജില്ലാ പഞ്ചായത്ത് സംസ്ഥാനതലത്തിൽ രണ്ടാമത്
ജില്ലയിൽ അഞ്ചു ബ്ലോക്ക് പഞ്ചായത്തുകളും 21 ഗ്രാമപഞ്ചായത്തുകളും 100 ശതമാനം തുക ചെലവഴിച്ചു

Advertisements

കോട്ടയം: കോവിഡ് പ്രതിസന്ധികളെയും പ്രളയക്കെടുതിയെയും അതിജീവിച്ച് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി നിർവഹണത്തിൽ നേട്ടം കൈവരിച്ചു. 92.10 ശതമാനം തുക ചെലവഴിച്ച് പദ്ധതി നിർവഹണത്തിൽ ജില്ല സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനത്തെത്തിയതായി ജില്ലാ ആസൂത്രണ സമിതി അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും മെമ്പർ സെക്രട്ടറിയായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയും പറഞ്ഞു. ജില്ലയ്ക്ക് ലഭിച്ച 340.31 കോടി രൂപയിൽ 313.43 കോടി രൂപ ചെലവഴിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലഭിച്ച ഫണ്ടിൽ 92.45 ശതമാനം ചെലവഴിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് സംസ്ഥാനതലത്തിൽ രണ്ടാമതെത്തി. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ 95.17 ശതമാനം തുക ചെലവഴിച്ച് സംസ്ഥാനതലത്തിൽ നാലാം സ്ഥാനവും ഗ്രാമപഞ്ചായത്തുകൾ 93.56 ശതമാനം തുക ചെലവഴിച്ച് ഏഴാം സ്ഥാനവും നഗരസഭകൾ 83.69 ശതമാനം ചെലവഴിച്ച് ഒൻപതാംസ്ഥാനവും നേടി.

ജില്ലയിൽ അഞ്ചു ബ്ലോക്ക് പഞ്ചായത്തുകളും 21 ഗ്രാമപഞ്ചായത്തുകളും 100 ശതമാനം തുക ചെലവഴിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിത്തുക വിനിയോഗത്തിൽ സംസ്ഥാനതലത്തിൽ 13-ാം സ്ഥാനത്തെത്തി. ഗ്രാമപഞ്ചായത്തുകളിൽ കുമരകം സംസ്ഥാനതലത്തിൽ പത്താമതെത്തി. വെച്ചൂർ (21-ാംസ്ഥാനം), ഞീഴൂർ (26), മരങ്ങാട്ടുപള്ളി (34), മീനച്ചിൽ (36) ഗ്രാമപഞ്ചായത്തുകൾ സംസ്ഥാന തലത്തിൽ ആദ്യ 50 സ്ഥാനത്തിനുള്ളിൽ ഇടം നേടി.

ജില്ലാതലത്തിൽ 92.47 ശതമാനം തുക ചെലവഴിച്ച വൈക്കം നഗരസഭ ഒന്നാംസ്ഥാനത്തും 88.81 ശതമാനം ചെലവഴിച്ച പാലാ നഗരസഭ രണ്ടാംസ്ഥാനത്തുമെത്തി. 32 ഗ്രാമപഞ്ചായത്തുകളും അഞ്ചു ബ്ലോക്ക് പഞ്ചായത്തുകളും പാലാ നഗരസഭയും പൊതുവിഭാഗം ഫണ്ട് നൂറുശതമാനവും ചെലവഴിച്ചു. 26 ഗ്രാമപഞ്ചായത്തുകളും ആറു ബ്ലോക്ക് പഞ്ചായത്തുകളും വൈക്കം നഗരസഭയും കേന്ദ്ര ധനകാര്യ കമ്മീഷൻ വിഹിതം മുഴുവനായി ചെലവഴിച്ചു. പ്രത്യേക ഘടക പദ്ധതി (സ്‌പെഷൽ കംപോണന്റ് പ്ലാൻ) വിഭാഗത്തിൽ 34 പഞ്ചായത്തുകളും നാലു ബ്ലോക്കുകളും നൂറു ശതമാനം തുക വിനിയോഗിച്ചു. ട്രൈബൽ സബ് പ്ലാൻ വിഭാഗത്തിൽ 26 പഞ്ചായത്തുകളും 11 ബ്ലോക്കുകളും ഏറ്റുമാനൂർ നഗരസഭയും നൂറുശതമാനം തുകയും ചെലവഴിച്ചു. മെയിന്റനൻസ് ഗ്രാന്റ് ഇനത്തിൽ ലഭിച്ച തുകയിൽ 75 ശതമാനം ചെലവഴിച്ച് സംസ്ഥാനതലത്തിൽ ജില്ല നാലാം സ്ഥാനത്തെത്തിയതായി ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യൂ പറഞ്ഞു.

100 ശതമാനം തുക ചെലവഴിച്ച ബ്ലോക്ക് പഞ്ചായത്തുകൾ

വാഴൂർ, പാമ്പാടി, ഈരാറ്റുപേട്ട, മാടപ്പള്ളി, ളാലം

100 ശതമാനം തുക ചെലവഴിച്ച ഗ്രാമ പഞ്ചായത്തുകൾ

കുമരകം, വെച്ചൂർ, ഞീഴൂർ, മരങ്ങാട്ടുപള്ളി, മീനച്ചിൽ, കങ്ങഴ, മണിമല, കല്ലറ, തീക്കോയി, നെടുങ്കുന്നം, വിജയപുരം, കിടങ്ങൂർ, പൂഞ്ഞാർ തെക്കേക്കര, മീനടം, വെള്ളാവൂർ, കൊഴുവനാൽ, കരൂർ, എലിക്കുളം, വെളിയന്നൂർ, തലപ്പലം, മറവന്തുരുത്ത്

( കെ.ഐ.ഒ.പി.ആർ 828/ 2022)

മീനച്ചിൽ പഞ്ചായത്തിൽ പാലിയേറ്റീവ്
ഉപകരണങ്ങൾ വിതരണം ചെയ്തു

കോട്ടയം: മീനച്ചിൽ പഞ്ചായത്തിൽ 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പാലിയേറ്റീവ് കെയർ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. നാലു ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. വീൽ ചെയർ, വാട്ടർ ബെഡ്, എയർ ബെഡ്, വാക്കിംഗ് സ്റ്റിക്കുകൾ എന്നിവ വിതരണം ചെയ്തു.

കിഴപറയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിബു പൂവേലി, ജോസ് ചെമ്പകശ്ശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, വൈസ് പ്രസിഡന്റ് ഷേർളി ബേബി, മെഡിക്കൽ ഓഫീസർ നിർമ്മൽ മാത്യു ജോസ്,മുൻ ജില്ലാ പഞ്ചായത്ത് അംഗം പെണ്ണമ്മ ജോസഫ്, ജനപ്രതിനിധികൾ, സെക്രട്ടറി എം. സുശീൽ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles