കൊച്ചി: കലക്ടർ ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട ദളിത് നേതാവിനെ കോൺഗ്രസ് സസ്പെന്റ് ചെയ്തു. ദളിത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ടി കെ പ്രഭാകരനെയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം സസ്പെന്റ് ചെയ്തത്. ദിവ്യ എസ് അയ്യർ സിപിഎം നേതാവ് കെ കെ രാഗേഷിനെ പുകഴ്ത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിനെ ചോദ്യം ചെയ്തു കൊണ്ട് “ദിവ്യയ്ക്ക് ഔചിത്യബോധമില്ല” എന്ന വിഎം സുധീരന്റെ ഫേസ്ബുക്ക് കമന്റിന് താഴെയാണ്, എറണാകുളം കാഞ്ഞിരമറ്റം സ്വദേശി ടികെ പ്രഭാകരൻ അശ്ലീല പരാമർശം നടത്തിയത്.
കോൺഗ്രസിന്റെ സംസ്കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ല ഇയാളുടെ പരാമർശം എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് പാർട്ടിയിൽ നിന്നും സസ്പെൻന്റ് ചെയ്യുന്നതെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യർ നടത്തിയ അഭിനന്ദന പോസ്റ്റ് വലിയ വിവാദമാണ് സൃഷ്ടിച്ചത്. കർണന് പോലും അസൂയ തോന്നുന്ന കെ കെ ആർ കവചമെന്നായിരുന്നു മുഖ്യമന്ത്രിക്കൊപ്പമുള്ള രാഗേഷിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ദിവ്യ എസ് അയ്യരുടെ പുകഴ്ത്തൽ. പിന്നാലെ നിരവധി കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്തെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ടെന്നായിരുന്നു ഭർത്താവ് ശബരിയുടെ പ്രതികരണം. സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാൽ തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സർക്കാർ തലത്തിൽ നിന്ന് രാഷ്ട്രീയതലത്തിലേക്ക് മാറി. അതുകൊണ്ടാണ് ഈ വിവാദം ഉണ്ടായതെന്നും ശബരിനാഥൻ വിവരിച്ചു.