തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹനയുടെ മരണത്തില്‍ റിമാൻഡിലായ പ്രതി റുവൈസ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് റുവൈസ് ജാമ്യാപേക്ഷ നല്‍കിയത്. ഇത് തിങ്കളാഴ്ച പരിഗണിക്കും.എന്നാല്‍, റുവൈസിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച തന്നെ പൊലീസ് അപേക്ഷ സമര്‍പ്പിക്കും. ജാമ്യം കൊടുത്താല്‍ കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്നടക്കം പൊലീസ് കോടതിയെ അറിയിക്കും. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്തി വിശദമായ അന്വേഷണത്തിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം. അതേസമയം, ഷഹനയുടെ മരണത്തില്‍ പ്രതി ചേര്‍ത്ത റുവൈസിന്റെ പിതാവിനെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസാണ് ഇയാളെ പ്രതിചേര്‍ത്തത്. ഐപിസി 306 (ആത്മഹത്യാ പ്രേരണ), 34 എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് കേസെടുത്തത്.
ഇന്നലെ പൊലീസ് ചോദ്യം ചെയ്യാനെത്തിയപ്പോള്‍ റുവൈസിന്റെ വീട് ഒഴിഞ്ഞ നിലയില്‍ കണ്ടെത്തി. സ്ത്രീധനം കൂടുതല്‍ വാങ്ങാൻ റുവൈസിനെ പ്രേരിപ്പിച്ചത് പിതാവാണെന്ന് ഷഹനയുടെ ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. സ്ത്രീധന പീഡനം ആത്മഹത്യയിലേക്ക് നയിച്ചു എന്ന പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. പ്രതിയുടെ അടുത്ത ബന്ധുക്കളും ഒളിവില്‍ തുടരുകയാണ്. കേസില്‍ റുവൈസിന്റെയും ഷഹനയുടെയും സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.