കൊല്ലം: ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിന്റെ ശരീരത്തില്‍ 11 തവണ കുത്തേറ്റെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുതുകില്‍ മാത്രം ആറ് തവണ കുത്തേറ്റെന്നും റിപ്പോര്‍ട്ടിലുണ്ട് . വന്ദനയുടെ തലയുടെ പിന്‍ ഭാഗത്തും ചെവിയുടെ ഭാഗത്തും മൂക്കിലും ഇടതു കൈയിലും കുത്തേറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വന്ദനയെ പ്രതി സന്ദീപ് പിന്തുടര്‍ന്ന് കുത്തിയെന്നും ഡ്രസിങ് റൂമില്‍ ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ചാണ് കുത്തിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് വന്ദനയുടെ തലയ്ക്ക് പ്രതി കുത്തിയത്. കാലില്‍ മുറിവ് കെട്ടുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതി വന്ദനയ്ക്ക് നേരെ ആക്രോശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒബ്‌സര്‍വേഷന്‍ റൂമില്‍ അതിക്രമിച്ചു കയറിയും പ്രതി ആക്രമണം നടത്തി. വന്ദന അവശയായി വീണപ്പോള്‍ നിലത്തിട്ട് കുത്തിയെന്നുമാണ് എഫ്.ഐ.ആര്‍. വന്ദനയുടെ ശരീരത്തില്‍ കയറിയിരുന്നാണ് പ്രതി കൃത്യം നടത്തിയതെന്നും എഫ്.ഐ.ആറിലുണ്ട്.
അതേസമയം, വന്ദനയെ കുത്തിക്കൊന്ന പ്രതി ജി. സന്ദീപിനെ സസ്പെന്‍ഡ് ചെയ്തു. നെടുമ്ബന യു.പി സ്‌കൂളിലെ അധ്യാപകനായിരുന്നു സന്ദീപ്. വകുപ്പ്തല അന്വേഷണം നടത്തിയ ശേഷമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇതു സംബന്ധിച്ച് നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന് തൊട്ടുപിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡോക്ടര്‍ വന്ദനയുടെ കൊലപാതകം ഞെട്ടലുളവാക്കുന്നതാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചിരുന്നു.
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. ഹൗസ് സര്‍ജന്‍ ഡോ.വന്ദനാ ദാസാണ് (25)കൊല്ലപ്പെട്ടത്.പൊലീസ് പരിശോനക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ഡോക്ടറെ കുത്തിയത്. പൊലീസുകാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. സന്ദീപുമായി പുലര്‍ച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്.
കോട്ടയം മുട്ടുചിറ സ്വദേശിയാണ് കൊല്ലപ്പെട്ട ഡോകര്‍ വന്ദന. കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു.സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.