എറണാകുളം: കാലടി സംസ്കൃത സർവകലാശാല പുതിയ വിസിയായി ഡോ. കെ കെ ഗീതാകുമാരി ചുമതലയേറ്റെടുത്തു. രാവിലെ 11.30മണിക്ക് സർവ്വകലാശാല ഓഫീസിലെത്തിയ ഗീതാകുമാരിയെ അഡ്മിനിസ്ട്രേഷൻ ഓഫീസിലെ ജീവനക്കാർ ചേർന്ന് സ്വീകരിച്ചു. കാലിക്കറ്റ് സർവ്വകലാശാലയിൽ സംസ്കൃത വിഭാഗത്തിൽ പ്രൊഫസറും ഡീനുമായിരുന്നു ഗീതാകുമാരി.
നിലവിലെ വിസിയായിരുന്ന ഡോ. എം വി നാരായണനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതേ തുടർന്നാണ് പുതിയ വി സി യായി ഗീതാകുമാരി ചുമതലയേറ്റെടുത്തത്. യുജിസി യോഗ്യത ഇല്ലാത്തതിന്‍റെ പേരിലാണ് കാലിക്കറ്റ്, സംസ്‌കൃത സർവകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലറായി ഡോ.എം.കെ.ജയരാജിന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും എം വി നാരായണന്‍റെ ആവശ്യം കോടതി തള്ളി.