അച്ഛനെന്ന ബിംബം മനസ്സിലുണ്ടാക്കുന്ന സ്വാധീനം എങ്ങനെ തിരിച്ചറിയാം എന്നതിനെ പറ്റി വിശദീകരിക്കുകയാണ് കൊച്ചിയിലെ പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ ലിഷ പി ബാലൻ. കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്വം കൂടുതലും ഏറ്റെടുക്കേണ്ടത് അമ്മമാമാരാണ് എന്ന ചിന്തയാണ് അടുത്തകാലം വരെ സമൂഹത്തിലുണ്ടായിരുന്നത്. അതിനുവേണ്ടി സ്വന്തം ഇഷ്ടങ്ങളും തൊഴിലുമെല്ലാം ത്യജിക്കേണ്ടി വരുന്നതും കൂടുതൽ അമ്മമാർക്കാണ്. ഭിന്നശേഷിയുള്ള കുട്ടികളാകുമ്പോൾ പ്രത്യേകിച്ച്. അമ്മയ്ക്കും കുട്ടികൾക്കുമിടയിൽ അച്ഛൻ എന്നൊരാൾ ഉണ്ടെങ്കിലും വൈകാരികമായ ഒരു അസാന്നിധ്യം പലർക്കും അനുഭവപ്പെടാറുണ്ട്. അന്നദാതാവ് എന്ന നിലയിൽ മാത്രം അച്ഛന്റെ റോൾ ഒതുങ്ങിപ്പോകുന്നതാണ് അതിന്റെ കാരണം. സാമ്പത്തികകാര്യങ്ങളിലും കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നതിലും മാത്രം പിതാവ് ഇടപെട്ടാൽ മതിയാകും എന്ന തെറ്റായ ധാരണ സമൂഹത്തിലുണ്ട്. എന്നാൽ കുട്ടികളുടെ മാനസികവും വൈകാരികവുമായ വളർച്ചയിൽ പകരംവെയ്ക്കാനില്ലാത്ത സ്ഥാനമാണ് അച്ഛനുള്ളത്. അച്ഛന്റെ അഭാവമുണ്ടാക്കുന്ന വിടവുകൾ പുരുഷന്മാരും സ്ത്രീകളും വേറിട്ട രീതികളിലാണ് ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത്. കുട്ടികളുടെ കാര്യത്തിൽ അവർ രണ്ടുപേരും സജീവമായി ഇടപെടുമ്പോൾ വ്യത്യസ്ത കാഴ്ചപ്പാടുകൾ മനസ്സിലാക്കാനും ഉൾക്കൊള്ളാനും കുട്ടികൾക്കും സാധിക്കും.
ഏതെങ്കിലുമൊരാളുടെ തണലിൽ മാത്രം വളരുന്നവരിൽ ഒരു വിടവ് പ്രത്യക്ഷമാകാറുണ്ട്. ഉദാഹരണത്തിന്, വിദ്യാഭ്യാസകാര്യങ്ങളിൽ അച്ഛന്റെ ശ്രദ്ധയും കൂടി കിട്ടുന്ന കുട്ടികൾ കൂടുതൽ മികവ് പുലർത്താറുണ്ട്. അച്ഛന്റെ ശ്രദ്ധ കൂടി കിട്ടുന്ന കുട്ടികളെക്കുറിച്ച് സ്കൂളിൽ നിന്ന് അധികം പരാതികളുണ്ടാകാറുമില്ല. മാനസിക വെല്ലുവിളികളോ പഠനവൈകല്യങ്ങളോ നേരിടുന്ന കുട്ടികളാണെങ്കിൽ അച്ഛനിൽ നിന്ന് കിട്ടുന്ന പിന്തുണ വിലമതിക്കാനാവാത്തതായിരിക്കും. കുട്ടികൾ ശരിയായ തൊഴിൽമേഖല തെരെഞ്ഞെടുക്കുന്നതിലും അതിൽ വിജയിക്കുന്നതിലും അച്ഛന് വലിയ പങ്കുണ്ട്.
ഭാവിയിൽ മെച്ചപ്പെട്ട സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിനും അച്ഛന്റെ സമീപനം കുട്ടികളെ സഹായിക്കുന്നു. നല്ല സൗഹൃദങ്ങൾ കണ്ടെത്താനും മോശം കൂട്ടുകെട്ടുകളിൽ നിന്ന് അകന്നുനടക്കാനും കുട്ടികൾക്ക് പ്രചോദനമാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു അച്ഛന്റെ കൃത്യമായ ഇടപെടലുകൾ ഇല്ലെങ്കിൽ ലഹരിക്കൂട്ടങ്ങളിൽ കുട്ടികൾ അകപ്പെടാനുള്ള സാധ്യതയേറെയാണ്. വീട്ടിൽ നിന്നുള്ള ഒളിച്ചോട്ടം, അക്രമവാസന, പഠനം ഉപേക്ഷിക്കുന്ന പ്രവണത എന്നിവയെല്ലാം അച്ഛന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ ഒഴിവാക്കാൻ കഴിയും. ലൈംഗിക ചൂഷണത്തിനിരയായി ഡോക്ടർമാരുടെ മുന്നിലെത്തുന്ന മിക്ക കുട്ടികളിലും അച്ഛൻ എന്ന വ്യക്തിയുടെ അസാന്നിധ്യം പ്രകടമാണ്.
കുടുംബത്തിലുണ്ടാകുന്ന പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കും അച്ഛൻ എങ്ങനെയാണ് പരിഹാരം കണ്ടെത്തുന്നതെന്ന് കണ്ടാണ് കുട്ടികൾ പഠിക്കുന്നത്. ശാന്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരുടെ മക്കളുടെ സ്വഭാവത്തിലും അതേ വൈകാരിക പക്വതയും സമചിത്തതയും ഉണ്ടാകാറുണ്ട്. വയലൻസും ബഹളവും കൂടുതൽ പ്രശ്നങ്ങളുമാണ് അച്ഛന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെങ്കിൽ അതും കുട്ടികളുടെ വ്യക്തിത്വത്തിൽ പ്രതിഫലിക്കും.
അച്ഛൻ എന്ന റോൾ മോഡൽ അച്ഛൻ അമ്മയോട് എങ്ങനെ പെരുമാറുന്നുവോ, അതുപോലെയായിരിക്കും ആൺകുട്ടികൾ വലുതാവുമ്പോൾ അവരുടെ പങ്കാളികളോടും പെരുമാറുക. പെൺകുട്ടികളാണെങ്കിൽ, അവരുടെ ഭാവിപങ്കാളിയിൽ നിന്ന് എന്തൊക്കെയാണ് പ്രതീക്ഷിക്കേണ്ടതെന്ന് പഠിക്കുന്നത് അച്ഛന്റെ പെരുമാറ്റം കണ്ടാവണം. മറ്റ് പുരുഷന്മാർ തന്നോട് എങ്ങനെ പെരുമാറണം എന്ന അടിസ്ഥാനബോധം വളർത്താൻ അവർ അച്ഛനെയാണ് മാതൃകയാക്കുക. ടോക്സിക് ആയ ബന്ധങ്ങളിൽ അകപ്പെടാതിരിക്കാൻ ഇതവരെ സഹായിക്കും.
പോസിറ്റീവായ ഒരച്ഛന്റെ സാമീപ്യമുള്ള കൗമാരക്കാർക്കിടയിൽ വിവാഹേതരഗർഭധാരണം, കുറ്റകൃത്യ വാസന, വിഷാദം എന്നിവയിൽ വലിയ കുറവുണ്ടെന്ന് പഠനങ്ങൾ പറയുന്നു. വീട്ടിലെ അടുക്കളകാര്യങ്ങളിൽ തുല്യമായ പങ്കുവഹിക്കുകയും അമ്മയോട് സ്നേഹത്തോടെ പെരുമാറുകയും ചെയ്യുന്ന അച്ഛന് കുട്ടികളുടെ ജീവിതത്തിലും വലിയ സ്വാധീനമുണ്ടാക്കാൻ കഴിയും. എല്ലാ അർത്ഥത്തിലും ഒരു റോൾ മോഡൽ ആകുന്ന വ്യക്തിയാണ് അച്ഛൻ. കുട്ടികൾ വലുതാകുമ്പോൾ അവരുടെ ചിന്തകളിലും അവർ സ്വന്തമായി എടുക്കുന്ന തീരുമാനങ്ങളിലും ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്ന രീതികളിലുമെല്ലാം ഒരച്ഛന്റെ കയ്യൊപ്പ് എപ്പോഴുമുണ്ടാവും. ഉത്തരവാദിത്വബോധം, വിനയം, സത്യസന്ധത, സ്വയം നിയന്ത്രിക്കാനുള്ള ശേഷി ഇതെല്ലാം അച്ഛനിൽ നിന്ന് വളരെ ചെറുപ്പത്തിലേ കുട്ടികൾ പഠിക്കുന്നു. കുട്ടികളുടെ കാര്യത്തിൽ അമ്മയും അച്ഛനും ഒരുപോലെ ഇടപെടുമ്പോൾ പോസിറ്റീവായ പല മാറ്റങ്ങളും കാണാറുണ്ട്. കുട്ടികളുടെ പഠനം, തൊഴിൽ, സാമൂഹികജീവിതം, മാനസിക, വൈകാരിക വളർച്ച, പക്വത എന്നിവയിലെല്ലാം ഒരച്ഛന് പകരംവെയ്ക്കാനില്ലാത്ത സ്വാധീനമാണുള്ളത്. കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്യുന്ന അച്ഛനുണ്ടെങ്കിൽ കുട്ടികളുടെ ജീവിതത്തിൽ അതുറപ്പായും പ്രതിഫലിക്കും. മാത്രമല്ല, അമ്മമാരുടെ മാനസികസമ്മർദ്ദം വളരെ കുറയുകയും ചെയ്യും. അവർക്ക് ജോലിഭാരം കുറയുകയും സ്വന്തം ഇഷ്ടങ്ങൾ പിന്തുടരാനുള്ള അവസരവും കൈവരും.
അച്ഛൻ അനുഭവിക്കുന്ന മാനസികസമ്മർദ്ദങ്ങൾ
സാമൂഹികമായ ഒറ്റപ്പെടലും സാമ്പത്തിക സമ്മർദ്ദങ്ങളും കാരണം പുരുഷന്മാരും ഒരുപാട് മാനസികഭാരം അനുഭവിക്കുന്നുണ്ട്. അമ്മ മാത്രം കുട്ടികളുടെ കാര്യത്തിൽ ദിവസം മുഴുവൻ വ്യാപൃതരാവുമ്പോൾ, ഭർത്താവുമൊത്ത് സമയം ചെലവഴിക്കാൻ കഴിയാതാവുകയും അവർക്ക് പരസ്പരം തുറന്ന് സംസാരിക്കാനോ അടുത്തിടപഴകാനോ അവസരങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നു. ഇത്തരം കാരണങ്ങളാൽ ദാമ്പത്യജീവിതത്തിൽ വിള്ളലുകൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇത്തരം ഘട്ടങ്ങളിൽ അച്ഛനും അമ്മയും മാനസികമായി തകർന്നുപോകാറുണ്ട്. സങ്കടവും കരച്ചിലും ഒക്കെയായിട്ടായിരിക്കും അമ്മമാർ അത് പ്രകടിപ്പിക്കുക. എന്നാൽ ദേഷ്യവും അമർഷവും ഒക്കെയാണ് അച്ഛനിൽ നിന്നുണ്ടാകുക. താൻ കുടുംബത്തിന് വേണ്ടി ഇത്രയൊക്കെ ചെയ്തിട്ടും അതൊന്നും പോരാതെ വരുന്നു എന്ന തോന്നൽ അവരെ ഏറെ വേദനിപ്പിക്കും. എന്നാൽ സ്വന്തം വിഷമങ്ങളെ ഒരിക്കലും മറ്റുള്ളവരുടെ മുൻപിൽ തുറന്നുകാട്ടാനോ സഹായം ചോദിക്കാനോ അവർ തയ്യാറാവില്ല. എല്ലാം ഉള്ളിലൊതുക്കി മൗനിയായി നടക്കുന്നതാണ് മിക്ക പുരുഷന്മാരുടെയും രീതി. കുട്ടികളുടെ ചികിത്സാകാര്യങ്ങളിലും മറ്റും അമ്മമാർ സജീവമായി ഇടപെടുമ്പോഴും അച്ഛൻ അവഗണിക്കപ്പെടുകയോ മാറിനിൽക്കുകയോ ചെയ്യുന്നത് അതുകൊണ്ടാണ്. കുട്ടിയുടെ ചികിത്സയ്ക്കും ഭാവിക്കും ആവശ്യമായ സാമ്പത്തികഭദ്രത കണ്ടെത്താനുള്ള നെട്ടോട്ടം പറഞ്ഞറിയിക്കാനാവാത്ത സമ്മർദ്ദമാണ് ഒരു അച്ഛനിലുണ്ടാക്കുന്നത്. അവർ ആസ്വദിച്ചു ചെയ്തിരുന്ന പലകാര്യങ്ങളും അവർക്കും പൂർണമായും ഉപേക്ഷിക്കേണ്ടി വരും. തൊഴിലിടത്തിലെ പ്രകടനം മോശമാകുന്നതിനും, വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾക്കും അതിടയാക്കുന്നു. മാത്രമല്ല, കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ വിഷമങ്ങൾക്ക് കാതോർക്കുകയും അവയും തങ്ങളുടേതാക്കി ഏറ്റെടുക്കുകയും ചെയ്യേണ്ടി വരാറുമുണ്ട്.
സമൂഹത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നേരിടേണ്ടി വരുന്ന കളിയാക്കലുകൾക്ക് മറുപടി നല്കാൻ ബാധ്യസ്ഥപ്പെടുന്നതും അച്ഛനാണ്. ഒരച്ഛനെന്ന നിലയിലുള്ള സ്വാഭാവികമായ ഉത്തരവാദിത്വങ്ങൾക്ക് പുറമെയാണ് ഈ ഭാരങ്ങളെല്ലാം. ബന്ധങ്ങൾ ദൃഢപ്പെടുത്താം
പൊതുവെ കുട്ടികൾ കൗമാരത്തിലേക്ക് വളരുമ്പോൾ അമ്മമാരുമായി കൂടുതൽ അടുക്കുകയും അച്ഛനുമായി അകലമുണ്ടാകുകയും ചെയ്യാറുണ്ട്. ഈ സമയം ഓരോ അച്ഛനും അവരുടെ കുട്ടികളുമായുള്ള അടുപ്പം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വമുണ്ട്. എത്ര ജോലിത്തിരക്കുണ്ടെങ്കിലും എല്ലാദിവസവും കുട്ടികളുമായി സമയം ചെലവഴിക്കണം. നിസാരമെന്ന് തോന്നുമെങ്കിലും കുട്ടികളെ സംബന്ധിച്ച് അച്ഛന്റെ ഈ സമീപനം വളരെ സ്പെഷ്യലാണ്. പിന്നീട് അവർ കൗമാരത്തിലും യൗവനത്തിലും എത്തുമ്പോഴും എല്ലാ കാര്യങ്ങളും സുരക്ഷിതമായി അച്ഛനോട് തുറന്നുപറയാനുള്ള വിശ്വാസ്യത രൂപപ്പെടും. ഏത് ദുർഘടഘട്ടത്തിലും അചഞ്ചലമായ പിന്തുണയുമായി അമ്മയോടൊപ്പം അച്ഛനും ഉണ്ടെന്ന തോന്നൽ കുട്ടികൾക്ക് വല്ലാത്തൊരു ധൈര്യം നൽകും.
നമ്മൾ ഒരാളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമ്പോൾ ആ വ്യക്തിക്ക് നമ്മൾ അത്രയേറെ പ്രാധാന്യം നൽകുന്നുണ്ട് എന്നാണർത്ഥം. ഈ തോന്നൽ സ്വന്തം കുട്ടികളിൽ ഉണ്ടാക്കിയെടുക്കണം. അമ്മയോടൊപ്പം ചെലവഴിക്കുന്ന സമയത്തേക്കാൾ കുട്ടികൾ കൂടുതൽ ആസ്വദിക്കുന്നത് അച്ഛനോടൊപ്പമുള്ള നിമിഷങ്ങളാണ്. പോസിറ്റീവായ രീതിയിൽ കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ ഈ സമയം വിനിയോഗിക്കാം. കുട്ടികളെ ശിക്ഷിക്കുന്നതിനുപകരം ശരിതെറ്റുകൾക്കിടയിലുള്ള കൃത്യമായ അതിർത്തികൾ പഠിപ്പിക്കാനും കഴിയും. അതിന് ഒരുപാട് ക്ഷമ ആവശ്യമാണെങ്കിലും, കുട്ടികൾക്ക് കാര്യകാരണങ്ങൾ ബോധ്യപ്പെടുത്തിക്കൊണ്ട് ശരിതെറ്റുകൾ പറഞ്ഞുമനസ്സിലാക്കുന്ന രീതി തന്നെയാണ് ഏറ്റവും ഫലപ്രദം. ഭാവിയിൽ എല്ലാ കാര്യങ്ങളും അച്ഛനോട് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കുണ്ടാകണം.വീട്ടിലെ പ്രധാനപ്പെട്ട തീരുമാനങ്ങളിൽ അച്ഛനാണ് അവസാനവാക്ക്. അമ്മയ്ക്ക് എല്ലായ്പോഴും കാര്യമായ സ്വാധീനം ഉണ്ടാകണമെന്നില്ല. എന്നാൽ ഇത്തരം കാര്യങ്ങളിൽ കുട്ടികളെ കൂടി ഉൾപ്പെടുത്തുന്നത് ആശയവിനിമയം കൂടുതൽ സുതാര്യവും സ്വതന്ത്രവുമാകും. ഈ ഉൾപ്പെടുത്തൽ പേരിനുമാത്രമാകരുത്. കുട്ടികൾ പറയുന്ന അഭിപ്രായങ്ങൾ നല്ലതാണെങ്കിൽ സ്വീകരിക്കണം. അതവരുടെ ആത്മവിശ്വാസം വർധിപ്പിക്കും. ഒരുകാര്യത്തിലും മക്കളുടെ അഭിപ്രായം ആരായുന്നില്ലെങ്കിൽ, അവിടെ വലിയൊരു വിടവുണ്ടാകും. ഉൾക്കൊള്ളാനാകാത്ത അഭിപ്രായങ്ങളാണ് ഇത്തരം ചർച്ചകളിൽ ഉയരുന്നതെങ്കിൽ പോലും അവ തുറന്നു ചർച്ച ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കാൻ അച്ഛൻ മുൻകൈയെടുക്കണം. ചുരുക്കത്തിൽ ഒരു അച്ഛൻ എന്ന നിലയിൽ ഒരു വ്യക്തി സ്വയം ബോധപൂർവം ഏറ്റെടുക്കുന്ന ചില ചെറിയ മാറ്റങ്ങളിലൂടെ ഒരു കുടുംബത്തെ മുഴുവൻ ശോഭനമാക്കാൻ കഴിയും. കുട്ടികൾ വളരുമ്പോഴും അവരുടെ മനസ്സിൽ മായാത്ത മുദ്രകൾ പതിപ്പിക്കാൻ അച്ഛന് കഴിയും. അച്ഛൻ എന്ന വ്യക്തിയില്ലാതെ വളരുകയും അച്ഛനെ വളരെ ചെറുപ്പത്തിലേ നഷ്ടപ്പെടുകയും ചെയ്തവർക്ക് മാത്രമേ ആ വിടവ് എത്രത്തോളമാണെന്ന് മനസ്സിലാകൂ.