കൊച്ചി : ഓരോ വ്യക്തിയിൽ നിന്നും ഓരോ മനുഷ്യർക്കും ഉണ്ടാകുന്ന അനുഭവം വ്യത്യസ്തമായിരിക്കും. ഇന്നലെ അന്തരിച്ച അഡ്വ. ബി എ ആളൂരിനെ പൊതു സമൂഹം സ്വീകരിക്കുന്നത് തീർത്തും മോശമായ രീതിയിലാണ്. മറ്റൊരു ക്രിമിനൽ അഭിഭാഷകനും ലഭിക്കാത്ത മോശം സമീപനമാണ് അദ്ദേഹത്തിൻ്റെ മരണത്തിൽ പോലും ലഭിച്ചത്. എന്നാൽ , അദ്ദേഹത്തെപ്പറ്റി വേറിട്ട അനുഭവം പങ്ക് വയ്ക്കുകയാണ് ഡോ. പി എസ് നന്ദ.
ഡോ. പി എസ് നന്ദയുടെ കുറിപ്പ് വായിക്കാം –
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“അങ്ങനെ ആളൂർ പോയല്ലോ..”
എന്റെ ഏറ്റവും വലിയ കരുത്താണ് ഇന്ന് എനിക്ക് നഷ്ടപ്പെട്ടത്. എന്നാൽ, അദ്ദേഹം പറഞ്ഞിരുന്നത് ഒറ്റപ്പെട്ടിരുന്ന അദ്ദേഹത്തിന് ഇപ്പോൾ വിളിക്കാൻ ഒരു മോളു കൂടി ആയി എന്നാണ്. മറ്റൊരു മോൾ എന്ന് പറഞ്ഞാൽ അദ്ദേഹം എടുത്തു വളർത്തുന്ന കുട്ടിയുണ്ട്. അദ്ദേഹം “മോളൂ” ന്ന് വിളിക്കുന്ന മകൾ
എല്ലാവർക്കും അദ്ദേഹം ഒരു വലിയ തെറ്റ് തന്നെ ആയിരിക്കും. സ്ത്രീകൾക്ക് വേണ്ടി എന്നെ പോലെയുള്ളവർ വാദിക്കുമ്പോൾ അവർക്ക് എതിരെയുള്ള ദുഷ്ട ശക്തികൾക്ക് വേണ്ടി വക്കാലത്ത് പറയാൻ ഇദ്ദേഹം, മറുവശത്ത് ഉണ്ടായിരുന്നു.
“നിയും ആളൂര് സാറും എന്ന് പറഞ്ഞാൽ അലുവയും മത്തി കറിയും പോലെയാണ്”
“പിന്നെ നിനക്ക് എന്തെങ്കിലും സംഭവിച്ചാലും പുള്ളി എതിരാളികളുടെ കൂടെ നിൽക്കൂ.. അത് മറക്കണ്ട..”
ഇങ്ങനെയും കുറെ പുച്ഛ – പരിഹാസങ്ങൾ ഞാൻ ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്നതാണ്. ഇടയ്ക്ക് ട്രെയിൻ യാത്രകളിൽ പോലും ഞാൻ ഒറ്റയ്ക്ക് ആണെങ്കിൽ അദ്ദേഹത്തിന് നല്ല ആശങ്ക ആണ്.
“എവിടെ എത്തി.. ? അച്ഛനും അമ്മയും അവിടെ കാത്തു നിൽപ്പുണ്ടോ? അവരെ കണ്ടോ.. ? ” ഇങ്ങനെ ചോദിച്ചു കൊണ്ടേയിരിക്കും. അച്ഛന്റെയും അമ്മയുടെയും അടുത്ത് ഞാൻ സുരക്ഷിതമായി എത്തി എന്ന് വീഡിയോ കോൾ ചെയ്തുറപ്പിച്ചിട്ടേ അദ്ദേഹം ഫോൺ കോൾ വെയ്ക്കുള്ളൂ..
ഓർക്കണം.. ഗോവിന്ദ ചാമിയ്ക്ക് വേണ്ടി വാദിച്ച വക്കീൽ ആണ്.
പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ..?
പണ്ട് ‘ചിന്താമണി കൊലക്കേസ്’ എന്ന സിനിമയിൽ സുരേഷ് ഗോപി അദ്ദേഹം അഭിനയിച്ച ലാൽ കൃഷ്ണ എന്ന കഥാപാത്രത്തോട് ഉപമിച്ചു അദ്ദേഹത്തെ പണ്ട് ട്രോൾ ചെയ്യുന്നത് കണ്ടിട്ടുണ്ട്. കേരളത്തിൽ വില്ലൻ ആണെങ്കിൽ മുംബൈയിൽ ഇരകളുടെ ദൈവമായിരുന്നു അദ്ദേഹം.
ദയവായി ഈ പോസ്റ്റ് ഒരിക്കലും അദ്ദേഹത്തിന് വേണ്ടിയുള്ള എന്റെ വാദിക്കലായി കാണരുത്.
എന്റെ അനുഭവം കൊണ്ട് മാത്രമേ എനിക്ക് ഒരാളെ സ്നേഹിക്കുവാനും അംഗീകരിക്കുവാനും സാധിക്കുള്ളൂ. അങ്ങനെ നോക്കുമ്പോൾ, പരിചയപ്പെട്ട നാൾ മുതൽ എനിക്ക് അദ്ദേഹം നല്ല ഒരു സുഹൃത്ത് ആയിരുന്നു. അദ്ദേഹത്തിന്റെ സ്നേഹവും കരുതലും വേണ്ടുവോളം അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു കുപ്രസിദ്ധനായ ക്രിമിനൽ അഭിഭാഷകന്റെ മറ്റൊരു നല്ല മുഖം ദൈവം എനിക്ക് കാണിച്ചു തന്നല്ലോ എന്നാണ് ഞാൻ എപ്പോഴും ചിന്തിക്കുന്നത്.
ഇന്ന് വരെ എനിക്ക് ഒരുതരത്തിലും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. അദ്ദേഹം ഏറ്റെടുക്കുന്ന കേസുകളോട് വിയോജിപ്പുകൾ ഉണ്ടായിട്ടുണ്ട് എങ്കിലും എന്നും എനിക്ക് കളിയും ചിരിയും തമാശയും പറയാൻ പറ്റിയ ഒരിടമായിരുന്നു അദ്ദേഹം. എന്നെക്കാട്ടിയും എത്രയോ അനുഭവ സമ്പത്തുള്ള വ്യക്തി ആയിരുന്നു.. എന്നിട്ടും എന്റെ ചെറിയ ചെറിയ ഉപദേശങ്ങൾ ഒക്കെ അദ്ദേഹം പാലിക്കുമായിരുന്നു. ചിലപ്പോഴൊക്കെ കൊച്ചു കുട്ടികളെ വഴക്ക് പറയുന്നത് പോലെ എനിക്കും വഴക്ക് പറയാനുള്ള സ്പേസ് അദ്ദേഹം തന്നിട്ടുണ്ട്. ഇപ്പോൾ വയ്യാതെ വന്നപ്പോഴും “ആരുടെയൊക്കെയോ ശാപം എന്റെ തലയിൽ വന്ന് വീണാതാവും അല്ലെ” എന്ന് പറഞ്ഞു ചിരിക്കുവായിരുന്നു.
ചിലപ്പോഴൊക്കെ കുട്ടികളെ പോലെയുമായിരുന്നു. അദ്ദേഹത്തിന്റെ അങ്ങനെ ഒരു വശം ചുരുക്കം ചിലർ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. വിഷമം എന്തെങ്കിലും വന്നാൽ ഒരു ദിവസം മൂന്ന് നാല് പ്രാവശ്യം എങ്കിലും വിളിക്കും.. ഇങ്ങനെ സംസാരിച്ചു കൊണ്ടേയിരിക്കും.. പ്രമാദമായ ചില കേസുകൾ ഏറ്റെടുക്കേണ്ടി വന്ന കുറ്റബോധവും ചിലപ്പോഴൊക്കെ പറഞ്ഞു പോയിട്ടുണ്ട്.
അദ്ദേഹം എന്നും ഒറ്റപ്പെട്ടിരുന്നു എന്ന തോന്നലുണ്ടായിരുന്നു. ആ ട്രോമ ആയിരിക്കാം, അദ്ദേഹം തന്റെ തൊഴിലിനെ വേറിട്ട വഴികളിലൂടെ നയിച്ചത് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. അദ്ദേഹത്തിനെ കേൾക്കാൻ ഒരാളെങ്കിലും ഉണ്ടായാൽ മതി.. അതു മാത്രം മതിയായിരുന്നു, അദ്ദേഹത്തിന്റെ വിഷമം മാറി കിട്ടാൻ..
പക്ഷെ, അദ്ദേഹത്തിന് ചുറ്റും കുറെ മക്കൾ ഉണ്ടായിരുന്നു.
കുറെ അമ്മമാരുടെ വിഷമം ശാപമായി വന്നതുമാവാം. ആ വിഷമത്തോളം ഈ വിഷമം ഒന്നുമല്ല. കോടതിയിൽ ഒരു കേസ് വന്നാൽ എതിർ ഭാഗം മറ്റൊരു വക്കീൽ ഉണ്ടായല്ലേ പറ്റുള്ളൂ..
“ഒരു തെറ്റും ചെയ്യാതെ ക്രൂശിലേറ്റപ്പെട്ട കർത്താവും കുറ്റം ചുമത്തപ്പെട്ട കുറ്റവാളിയായിരുന്നല്ലോ..” എന്നാണ് അദ്ദേഹവും ഞാനും തർക്കിച്ചപ്പോൾ പറഞ്ഞ ഒരു കാര്യം.
എന്നെ സ്നേഹിക്കുന്ന സ്വന്ത – ബന്ധങ്ങൾക്ക് ഒക്കെ ഞങ്ങളുടെ സൗഹൃദം, നല്ല പേടിയായിരുന്നു. അദ്ദേഹത്തിനോട് കൂട്ട് ഒന്നും വേണ്ട എന്ന് പറയുമ്പോഴും ഞാൻ ചുമ്മാ ചിരിച്ചു തലയാട്ടി കൊടുക്കും. അത്ര തന്നെ. ഞാൻ എങ്ങനെ ബോധ്യപ്പെടുത്തി കൊടുക്കാനാണ്.. ? എന്റെ അനുഭവം കൊണ്ട് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എനിക്ക് അദ്ദേഹം എന്നും ഒരു നല്ല മനുഷ്യൻ ആണ്.
ഇന്നലെ മുഴുവനും അദ്ദേഹത്തെ പറ്റി, ഞങ്ങളുടെ mutual friend ജിനേഷേട്ടനോടും എന്റെ വീട്ടുകാരോടും പറയുമ്പോൾ പോലും
അദ്ദേഹത്തിന്റെ വിയോഗ വാർത്ത ഇത്ര പെട്ടെന്ന് കേൾക്കേണ്ടി വരും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ ഏറ്റവും വലിയ ധൈര്യവും ആശ്വാസവുമാണ് ഞങ്ങളെ ഇപ്പോൾ വിട്ടുപിരിഞ്ഞിരിക്കുന്നത്.
ആത്മാവിന് നിത്യശാന്തി നേരുന്നു.
പ്രണാമം.