ഏറ്റുമാനൂർ: ഇടുക്കി ഗവ. മെഡിക്കൽ കോളജിലെ പ്രിൻസിപ്പൽ തസ്തികയിൽ നിന്ന് വിരമിച്ച കേരളത്തിലെ പ്രമുഖ ന്യൂറോ സർജൻ ഡോ. പി.കെ. ബാലകൃഷ്ണന് ഇസ്കഫ് ജില്ലാ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ സ്നോഹോപഹാരം നൽകി ആദരിച്ചു. കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിലെ ന്യൂറോ സർജൻ മേധാവിയും കോട്ടയം മെഡിക്കൽ കോളജിലെ സൂപ്രണ്ടുമായിരുന്ന അദ്ദേഹം 2018 മുതൽ ഇസ്കഫ് സംസ്ഥാന പ്രസീഡിയം അംഗവും കോട്ടയം ജില്ലാ കമ്മറ്റിയുടെ രക്ഷാധികാരിയുമാണ്. ശുചിത്വ പരിപാലനത്തിൽ കോട്ടയം മെഡിക്കൽ കോളജിനെ
സംസ്ഥാനത്തെ ഒന്നാമത്തെ മെഡിക്കൽ കോളേജാക്കി മാറ്റിയതും മെഡിക്കൽ കോളജിലെ പാർക്കിംഗ് സംവിധാനം നവീകരിച്ചതും വിവിധ ഡിപ്പാർട്ട്മെൻ്റുകൾ രോഗീ – ഡോക്ടർ സൗഹൃദ വാർഡുകളാക്കിയതും അദ്ദേഹം സൂപ്രണ്ടായി ചുമതല വഹിച്ചിരുന്ന കാലയളവിലാണ്.
മെഡിക്കൽ കോളജിലെ ഡോക്ടർമാരും പി.ജി. വിദ്യാർത്ഥികളും സംഗമിച്ച വേദിയിലാണ് ജനകീയ ഡോക്ടർക്ക് ഇസ്കഫ് ആദരം സമർപ്പിച്ചത്. ആശംസ അർപ്പിച്ച് ഇസ്കഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ പ്രസംഗിച്ചു. ചടങ്ങിന് ഇസ്കഫ് സംസ്ഥാന ട്രഷറർ റോജൻ ജോസ്, ജില്ലാ സെക്രട്ടറി വി.വൈ. പ്രസാദ്, ജില്ലാ പ്രസിഡൻ്റ് പി. എസ്. രവീന്ദ്രനാഥ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ബേബി ജോസഫ്, രാജേഷ് രാജൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ ലിൻസ് ജോൺ, പി. ഷൺമുഖൻ, ബാലവേദി പ്രവർത്തകൻ അർജുൻ ബേബി എന്നിവർ പങ്കെടുത്തു.