തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിനിയായ ഡോ. ഷഹന ജീവനൊടുക്കിയതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീര്‍. സ്ത്രീധനം ചോദിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെങ്കില്‍ അതിനെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. വിദ്യാസമ്പന്നരായ വ്യക്തികള്‍ സ്ത്രീധനം പോലുള്ള സാമൂഹിക തിന്മകളില്‍ ഏര്‍പ്പെടുന്നത് ഗുരുതരമായ സാമൂഹിക പ്രശ്‌നമായി കാണേണ്ടതുണ്ട്. അതോടൊപ്പം പെണ്‍കുട്ടികള്‍ ഇത്തരം സാഹചര്യങ്ങളില്‍ കരുത്താര്‍ജിക്കുകയാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീധന നിരോധന നിയമം ഉണ്ടായിട്ടും സമൂഹത്തിലെ ഉപരിവര്‍ഗങ്ങളില്‍ പോലും ഇത്തരത്തിലുള്ള അത്യാചാരങ്ങള്‍ നിലനില്‍ക്കുന്നത് ഗൗരവതരമാണ്. സ്ത്രീധന മരണങ്ങളെ അത്യന്തം ഗൗരവത്തോടെ കണ്ട് ശക്തമായ നടപടി എടുക്കണമെന്നും സമൂഹവും മത സാംസ്‌കാരിക രംഗത്തുള്ളവരും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും റൈഹാനത്ത് സുധീര്‍ ഓര്‍മപ്പെടുത്തി.