ഡോക്ടറാവുക എന്നത് ഒരു ലക്ഷ്യവും ആ ലക്ഷ്യത്തിലേക്കുള്ള കഠിന പ്രയത്നവും സമന്വയിക്കുന്ന ഒരു സപര്യയമാണ്. എന്നാൽ കാൻസറിന് ചികിത്സിക്കുന്ന ഡോക്ടറാവുക എന്നത് ഇതോടൊപ്പം ചേരുന്ന നിയോഗം കൂടിയാണ്. ഒരു കാൻസർ ചികിത്സക എന്ന ദൗത്യത്തിലേക്ക് താനെത്തിച്ചേർന്നതും ഇതേപോലെയുള്ള ഒരു നിയോഗമായി കാണാനാണിഷ്ടം. യു എ ഇ-യിലെ റാസ് അൽ ഖൈമയിൽ ബിസിനസ്സാണ് അച്ഛന്, അമ്മ അവിടെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറുമാണ്. സ്വാഭാവികമായും എൻ ജീവിതത്തിന്റെ തുടക്കവും അവിടെ തന്നെയായിരുന്നു. താൻ എന്തുകൊണ്ട് കാൻസർ ചികിത്സകയായി എന്നതിനെ കുറിച്ച് വിവരിക്കുകയാണ് ഡോ. ശ്വേതാ സീതാറാം. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. 2006ൽ എം ബി ബി എസ് കഴിഞ്ഞു. അതുവരെയുള്ള ജീവിതത്തിലെ പ്രധാന ലക്ഷ്യം കൈവരിച്ചു. ഇനിയുള്ളത് പി ജി-യും, എം ഡി-യുമാണ്. സ്വാഭാവികമായും തുടർ ജീവിതം അതിനായി ക്രമീകരിച്ചു.
പീഡിയാട്രിക്സ് അല്ലെങ്കിൽ നിയോനാറ്റോളജിയിൽ പി ജി ചെയ്യാനായിരുന്നു ആഗ്രഹം. വ്യക്തിഗതമായ ബന്ധങ്ങളും അടുപ്പങ്ങളും സൃഷ്ടിക്കുവാനും നിലനിർത്തുവാനും ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. പ്രൊഫഷണലിലും അങ്ങനെ തന്നെയായിരിക്കണമെന്നായിരുന്നു ആഗ്രഹം. നിയോനാറ്റോളജിയിൽ രോഗികളായി എത്തുന്ന കുഞ്ഞുങ്ങൾ ജനിച്ച ഉടനെയുള്ളവരായിരിക്കുമല്ലോ, സ്വാഭാവികമായും ഇവരുമായി വ്യക്തിഗതമായ അടുപ്പം സൃഷ്ടിക്കപ്പെടാനുള്ള സാധ്യത കുറവായതിനാൽ പീഡിയാട്രിക്സിൽ പി ജി ചെയ്യുക എന്ന തീരുമാനം കൈക്കൊണ്ടു. ഒരു പക്ഷെ എന്റെ ജീവിതം എന്തായിത്തീരണം എന്നുള്ള തീരുമാനം കൂടിയായിരുന്നു അത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൂടെയും അനുഭവങ്ങളിലൂടെയും കടന്ന് പോയ കാലഘട്ടം എന്നാണ് എന്റെ പി ജി കാലത്തെക്കുറിച്ചുള്ള സ്വയം വിലയിരുത്തൽ. ഈ സമയത്താണ് വിവാഹം കഴിഞ്ഞത്. പഠനത്തിന്റെ തിരക്കും ദാമ്പത്യജീവിതവും തമ്മിൽ ഒരുമിച്ച് കൊണ്ടുപോവുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ആ നാളുകളിൽ പരസ്‌പരം കാണുന്നത് പോലും വിരളമായിരുന്നു. എങ്കിലും ഒരേ പ്രൊഫഷണിലുള്ളവർ എന്ന നിലയിൽ ഈ അവസ്ഥ ഉൾക്കൊള്ളുവാനും കഴിഞ്ഞു.
വലിയ വെല്ലുവിളി
കാര്യങ്ങൾ ഈ രീതിയിൽ മുൻപോട്ട് പോകുന്ന സമയത്താണ് മറ്റൊരു വെല്ലുവിളി കടന്ന് വന്നത്. അമ്മയ്ക്ക് ശാരീരികമായ ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടു. വിശദ പരിശോധനയിൽ കാൻസറാണെന്ന് സ്ഥിരീകരിച്ചു. വല്ലാത്തൊരു അവസ്ഥയായിരുന്നു അത്. എനിക്ക് താഴെ ഒരു അനുജത്തിയാണുള്ളത്. ഞങ്ങൾ തമ്മിൽ 11 വയസ്സിൻ്റെ വ്യത്യാസമുണ്ട്. അച്ഛന് ബിസിനസ്സിൻ്റെ തിരക്കുണ്ട്. എനിക്കാണെങ്കിൽ പി.ജി പൂർത്തീകരിക്കേണ്ടതിൻ്റെ അവസാന കാലവും. എല്ലാം കൂടി ചേർന്നപ്പോൾ വല്ലാത്തൊരു മാനസിക സമ്മർദ്ദത്തിലെത്തി കാര്യങ്ങൾ. അമ്മ ഡോക്ടറാണെന്ന് നേരത്തെ പറഞ്ഞല്ലോ, ഒരു ഡോക്ടറായിട്ട് പോലും കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ സ്വീകരിക്കാൻ അമ്മ വല്ലാതെ വിമുഖത കാണിച്ചു. ചികിത്സയുടെ കോഴ്സ് പൂർത്തീകരിക്കാൻ അമ്മയെ വല്ലാതെ നിർബന്ധിക്കേണ്ട അവസ്ഥ വന്നു. എളുപ്പമായിരുന്നില്ല ഈ സാഹചര്യം. ഞങ്ങളുടെ നിർബന്ധത്തിന് വഴങ്ങി അമ്മ ചികിത്സ പൂർത്തീകരിക്കാൻ സമ്മതിച്ചു. 2017ൽ ഞാൻ പി.ജി പൂർത്തീകരിച്ചു. ഇതേ സമയമാകുമ്പോഴേക്കും അമ്മ കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തുകയും ചെയ്തു. ഇപ്പോഴും ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു.
ഈ സാഹചര്യം എന്നെ സംബന്ധിച്ച് വലിയ തിരിച്ചറിവ് നൽകിയ ഒന്നായിരുന്നു. അമ്മ ഡോക്ടറാണ്. കാൻസർ എന്ന രോഗത്തെ കുറിച്ച് നന്നായി അറിയാവുന്ന വ്യക്തിയാണ് എന്നിട്ടും ചികിത്സ സ്വീകരിക്കുവാൻ വിമുഖത കാണിച്ചു! ഒരു ഡോക്ടറുടെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവരുടെ കാര്യം എന്തായിരിക്കും?
പി ജി കാലത്തെ അനുഭവം
ഇത്തരം സമ്മർദ്ദങ്ങൾക്കിടയിലൂടെ കടന്ന് പോകുമ്പോഴും പഠനവും അനുബന്ധമായ കാര്യങ്ങളും മികച്ച രീതിയിൽ തന്നെ മുൻപിലേക്ക് കൊണ്ടുപോകുവാൻ സാധിച്ചു. ഒരുപാട് പേരുടെ ഓർമ്മകൾ ഇതോടൊപ്പം മനസ്സിലേക്ക് വരുന്നുണ്ട്. എൻ്റെ ഹെഡ് ആയിരുന്ന ഡോ. യു. വി. ഷിനോയ് സാറിനോടൊപ്പമുള്ള പ്രവർത്തന പരിചയമാണ് ഇതിൽ പ്രധാനപ്പെട്ടത്. സാറിനെ പോലൊരു മനുഷ്യ സ്നേഹിയെ വേറെ അധികം കാണാൻ സാധിച്ചിരുന്നില്ല. വെല്ലൂർ ഗവ. ഹോസ്‌പിറ്റലിലെ കാൻസർ വാർഡിൽ സാറിൻ്റെ ഇടപെടലുകൾ അനുകരണീയമായിരുന്നു. സർക്കാർ ഇഷ്യു ചെയ്യുന്ന മരുന്നുകളാണ് അവിടെയുണ്ടാവുക. പലപ്പോഴും പ്രധാനപ്പെട്ട പല മരുന്നുകളും സ്റ്റോക്ക് ഉണ്ടാവില്ല. സർക്കാർ സൗകര്യം കാത്ത് നിൽക്കാൻ രോഗികളുടെ ആരോഗ്യാവസ്ഥ അനുവദിക്കില്ലല്ലോ. മഹാഭൂരിപക്ഷം രോഗികളും ഏറ്റവും നിർധനരായിരിക്കും. മരുന്നൊന്നും വിലകൊടുത്ത് പുറത്ത് നിന്ന് വാങ്ങാൻ ശേഷിയില്ലാത്തവർ. ഇവർക്കിടയിൽ ദൈവദൂതനെ പോലെയായിരുന്നു ഷിനോയ്‌സർ. അദ്ദേഹം സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് മരുന്നുകളെല്ലാം വാങ്ങിച്ച് നൽകും. ജോലി സമയം കഴിഞ്ഞാലും നിരവധി സന്നദ്ധ സംഘടനകളുമായി സഹകരിച്ചുള്ള പ്രവർത്തനവും പതിവാണ്.
ഒരിക്കൽ ലുക്കീമിയ ബാധിച്ച് ആറ് വയസ്സുകാരിയായ പെൺകുട്ടി അഡ്‌മിറ്റ് ചെയ്യപ്പെട്ടു മാസങ്ങളോളം അവൾ അഡ്‌മിറ്റായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഞങ്ങളെല്ലാവരുമായി അവൾ വല്ലാത്തൊരു ആത്മബന്ധം നേടിയെടുത്തു. അൽപ്പം ഗുരുതരമായ അസുഖമായിരുന്നു അവളുടേത്. അതുപോലെ തന്നെ തീർത്തും നിർധനമായ കുടുംബവും. ഒരു ദിവസം രാവിലെ വാർഡിലെത്തുമ്പോൾ അവൾ ഞങ്ങളെ കാത്തിരിക്കുകയാണ്. ജന്മദിനമാണെന്ന്. കയ്യിലൊരു കുഞ്ഞി കേക്കുണ്ട്. ചെറുത് എന്ന് പറഞ്ഞാൽ വളരെ ചെറിയ ഒരു കേക്ക്. വലിയ കേക്ക് വാങ്ങാനുള്ള സാമ്പത്തികം പോലും അവർക്കില്ലായിരുന്നു. അവൾ കേക്ക് മുറിച്ചു. ആ ചെറിയ കേക്ക് വീണ്ടും ചെറുതാക്കി എല്ലാവരുമായും പങ്കുവെച്ചു. എന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി.
വല്ലാത്തൊരു നിമിഷമായിരുന്നു അത്. പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾ അവൾക്ക് വേണ്ടി മനസ്സുരുകി പ്രാർത്ഥിച്ചു. എന്തോ ഒരു സ്നേഹവും ഇഷ്ടവും കരുതലുമൊക്കെയായിരുന്നു ആ കുട്ടിയോട്. ഓരോ ദിവസം കഴിയുംതോറും അവളുടെ ആരോഗ്യനിലയിൽ വലിയ പുരോഗതി കൈവരിച്ചു. എന്റെ പി.ജി പൂർത്തിയാകും മുൻപേ തന്നെ അവൾ ആരോഗ്യനില കൈവരിച്ച് ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലേക്ക് പോയിരുന്നു. പിന്നീടവളെ കണ്ടിട്ടില്ല, എവിടെയോ ആരോഗ്യത്തോടെ ജീവിക്കുന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
കാൻസറിനെ ചികിത്സിക്കുന്ന ഡോക്ടറാകുവാനുള്ള തീരുമാനം
മുകളിൽ വിവരിച്ച മൂന്ന് സംഭവങ്ങളുമാണ് എന്നെ കാൻസറിന് ചികിത്സിക്കുന്ന ഡോക്ടറായി തീരണം എന്ന ലക്ഷ്യത്തിലേക്ക് നയിച്ചത്. അമ്മയുടെ അസുഖം സൃഷ്ടിച്ച മാനസിക വ്യഥ, ഒപ്പം ഡോക്ടറായിരുന്നിട്ട് പോലും അമ്മ കാൻസർ ചികിത്സിക്കുവാൻ കാണിച്ച വിമുഖത, ഡോ. ഷിനോയ്മെ പോലെയുള്ള മഹാനുഭാവനായ ഒരു ഡോക്ടറുടെ ജീവിതപെരുമാറ്റ രീതികളെ അടുത്ത് കാണാനും അറിയാനും സിദ്ധിച്ച ഭാഗ്യം, ആ ആറ് വയസ്സുകാരി മനസ്സിൽ തീർത്ത കാരുണ്യവും അനുകമ്പയും സ്നേഹവും. മനസ്സിൽ ഒരിക്കലും മായാത്ത മുദ്രപതിപ്പിച്ച ഈ മൂന്ന് കാര്യങ്ങൾ നൽകിയ പ്രചോദനവും പാഠവും എന്റെ മുൻപിലെത്തുന്ന ഓരോ രോഗിയോടും പ്രകടിപ്പിക്കാൻ ശ്രമിക്കാറുണ്ട്. എത്രത്തോളം ഫലപ്രദമാകാറുണ്ടെന്നറിയില്ല, എങ്കിലും അത് ആവർത്തിക്കുവാൻ സാധിക്കട്ടെ എന്നാണ് പ്രാർത്ഥന.