തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്നെ പുതിയ ചുമതല ഏല്‍പിച്ചിരിക്കുന്നതെന്നും ചന്ദ്രയാന്‍-4 ആണ് ഭാവിയിലെ പ്രധാന ദൗത്യമെന്നും ഐഎസ്ആര്‍ഒയുടെ നിയുക്ത ചെയർമാൻ ഡോ. വി നാരായണൻ. ‘പ്രധാനമന്ത്രിയുടെ ഓഫീസും നിലവിലെ ചെയർമാൻ എസ് സോമനാഥുമാണ് പുതിയ ദൗത്യം വിളിച്ചറിയിച്ചത്. ചുമതല ഏല്‍പിച്ച പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും രാജ്യത്തിനും നന്ദിയറിയിക്കുന്നു.
ചന്ദ്രയാൻ-4 ആണ് ഭാവിയിലെ വലിയ ദൗത്യം. 2040 വരെ കൃത്യമായ സ്പെയ്സ് വിഷൻ ഇസ്രൊയ്ക്കുണ്ട്. ഐഎസ്ആര്‍ഒ ഒരു വ്യക്തിയുടെ വിജയമല്ല, ഒരു ടീമിന്‍റെ വിജയമാണ്’ എന്നും ചെയര്‍മാന്‍ പദവിയിലെത്തിയ ശേഷം വി നാരായണൻ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐഎസ്ആര്‍ഒയുടെ കീഴിലായി തിരുവനന്തപുരം വലിയമല ആസ്ഥാനവും ബെംഗളൂരുവിൽ ഒരു യൂണിറ്റും ഉള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്‍ററിന്‍റെ ഡയറക്ടറായി സേവനം ചെയ്തുവരികയായിരുന്നു ഡോ. വി നാരായണൻ. കന്യാകുമാരി സ്വദേശിയാണ് ഡോ. വി നാരായണന്‍.
റോക്കറ്റ് ആന്‍ഡ് സ്പേസ് ക്രാഫ്റ്റ് പ്രൊപ്പൽഷൻ സാങ്കേതികവിദ്യകളില്‍ വിദഗ്ധനായ ഡോ. വി നാരായണൻ 1984-ൽ ഐഎസ്ആർഒയിൽ ചേരുകയും എൽപിഎസ്‌സിയുടെ ഡയറക്ടറാകുന്നതിന് മുമ്പ് വിവിധ പദവികളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ നാലര വർഷക്കാലം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ സൗണ്ടിംഗ് റോക്കറ്റുകളുടെയും ഓഗ്മെന്‍റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എഎസ്എൽവി), പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) എന്നിവയുടെ സോളിഡ് പ്രൊപ്പൽഷൻ ഏരിയയിലും പ്രവർത്തിച്ചു. അബ്ലേറ്റീവ് നോസൽ സിസ്റ്റങ്ങൾ, കോമ്പോസിറ്റ് മോട്ടോർ കേസുകൾ, കോമ്പോസിറ്റ് ഇഗ്നൈറ്റർ കേസുകൾ എന്നിവയുടെ പ്രോസസ് പ്ലാനിംഗ്, പ്രോസസ് കൺട്രോൾ, റിയലൈസേഷൻ എന്നിവയിലും സംഭാവന നൽകി.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂരിലെ പൂർവ്വ വിദ്യാർഥിയാണ് ഡോ. വി നാരായണൻ. ഖരഗ്‌പൂർ ഐഐടിയിൽ നിന്ന് എംടെക്കിൽ ഒന്നാം റാങ്കിന് വെള്ളി മെഡലും ആസ്‌ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സ്വർണ്ണ മെഡലും നേടിയിട്ടുണ്ട്. ഡോ. വി നാരായണൻ ഇൻ്റർനാഷണൽ അക്കാദമി ഓഫ് അസ്‌ട്രോനോട്ടിക്‌സിലെ അംഗമാണ്.