കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവാവിന്റെ കുത്തേറ്റ് മരിച്ച യുവ ഡോക്ടർ വന്ദനയുടെ ശരീരത്തിൽ ആറു കുത്തുകൾ. പുറകിലും നെഞ്ചിലും നിരവധിത്തവണ കുത്തേറ്റു. കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. പിന്നിൽ നിന്നുള്ള കുത്ത് മുൻപിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം.
ആശുപത്രിയിൽ പൊലീസിനും ബന്ധുക്കൾക്കുമൊപ്പം വൈദ്യപരിശോധനക്ക് എത്തിയ സന്ദീപ് ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. ആശുപത്രിയിലെ സർജിക്കൽ ഉപകരണങ്ങൾ കൈക്കലാക്കിയ പ്രതി ആശുപത്രിയിൽ ഉണ്ടായിരുന്നവരെയും തടയാൻ ശ്രമിച്ചവരെയും കുത്തുകയായിരുന്നു. അഞ്ച് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീട്ടിൽ പ്രശ്നമുണ്ടാക്കിയ ശേഷമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസുകാരുടെ കൈക്കും ശരീരത്തിലും കുത്തേറ്റു. ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്.
പൊലീസുകാരെ ആക്രമിച്ച ശേഷം ഇയാൾ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. നിലത്തുവീണ ഡോക്ടറെ തുരുതുരാ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. വീട്ടിൽ അക്രമം കാണിച്ച യുവാവിനെ കൈവിലങ്ങുപോലും ധരിപ്പിക്കാതെ തനിച്ചാണ് ഡോക്ടറുടെ മുറിയിലേക്ക് കടത്തി വിട്ടതെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന റിപ്പോർട്ട്.
കുത്തേറ്റ ഡോക്ടർ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനിതാ ഡോക്ടറുടെ മരണത്തെ തുടർന്ന് സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്തു.