തിരുവനന്തപുരം: സുഹൃത്തുക്കൾക്കൊപ്പം മത്സരിച്ച് മദ്യപിച്ച് അവശനിലയിലായ പ്ലസ്ടു വിദ്യാർത്ഥി ആശുപത്രിയിൽ. നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഏഴ് വിദ്യാർത്ഥികളാണ് ആൽത്തറ ജംഗ്ഷനിൽ നിർമാണത്തിലുള്ള വീട്ടിലിരുന്ന് മദ്യപിച്ചത്.സ്കൂളിൽ ഓണാഘോഷമായിരുന്നതിനാൽ വിദ്യാർത്ഥികൾ യൂണിഫോമിലായിരുന്നില്ല ഉണ്ടായിരുന്നത്. മുണ്ടും ഷർട്ടുമായിരുന്നു വേഷം.

പ്ലാമൂടുള്ള ബെവ്കോ ഔട്‌ലെറ്റിൽ നിന്നാണ് മദ്യം വാങ്ങിയത്. മുണ്ടും ഷർട്ടും ധരിച്ചെത്തിയതിനാൽ തന്നെ ഇവർ വിദ്യാർത്ഥികളാണെന്ന് ബെവ്കോ ജീവനക്കാർക്ക് മനസിലായില്ലെന്നാണ് ലഭിക്കുന്ന സൂചന. വിദ്യാർഥികൾ പരസ്പരം മത്സരിച്ച് മദ്യപിക്കുകയും അരക്കുപ്പി മദ്യം വെള്ളമൊഴിക്കാതെ കുടിച്ച വിദ്യാർത്ഥി കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം. അഞ്ചുപേർ ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയാണ് മ്യൂസിയം പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തിയാണ് വിദ്യാർത്ഥിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവശനിലയിലുള്ള വിദ്യാർത്ഥി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ മ്യൂസിയം പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്നു. കേസെടുത്തിട്ടില്ല. ബെവ്കോയിൽ നിന്ന് വിദ്യാർത്ഥികൾക്ക് എങ്ങനെ മദ്യം ലഭിച്ചുവെന്നതിനെക്കുറിച്ചും അന്വേഷിക്കും.
