കോട്ടയം : മദ്യം വാങ്ങി കൊടുക്കാത്തതിന്റെ പേരിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാരാപ്പുഴ കരുണാലയം വീട്ടിൽ സജി ജി.കെ (53) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി 7:30 മണിയോടുകൂടി പഴയ ബോട്ട് ജെട്ടി ഭാഗത്ത് വച്ച് കാരാപ്പുഴ സ്വദേശിയായ മധ്യവയസ്കനെ ചീത്ത വിളിക്കുകയും, കയ്യിൽ കരുതിയിരുന്ന ബിയർ കുപ്പികൾ പൊട്ടിച്ച് മധ്യവയസ്കന്റെ കഴുത്തിലും, കവിളിലും കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. സജിക്ക് മധ്യവയസ്കൻ കള്ള് വാങ്ങി കൊടുക്കാത്തതിനാലും, തന്നോടൊപ്പം മദ്യപിക്കാത്തതിനാലുമുള്ള വിരോധംമൂലമാണ് സജി ഇയാളെ ബിയർ കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീകുമാർ എം,എസ്.ഐ റിൻസ് എം.തോമസ്, എ.എസ്.ഐ സജി ജോസഫ്, സി.പി.ഓ ബിജു ഇ.റ്റി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.