തൃശൂർ: കഴിഞ്ഞ ദിവസം തൃശൂരിൽ മദ്യപിച്ച് വാഹനം ഓടിച്ച ഏഴു സ്വകാര്യ ബസുകൾ പിടിയിലായപ്പോൾ, ഒരു ബസ് മാധ്യമ ക്യാമറകളിൽ നിന്നും മുക്കി. കാക്കിയുടെ തണലിൽ നിൽക്കുന്ന സ്വകാര്യ ബസുകളാണ് നൈസായി അധികൃതർ മുക്കിയത്. തൃശൂരിലെ ഒരു സ്വകാര്യ ബസിന്റെ ‘ഉടമ’യായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനാണ് ബസ് മുക്കിയതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഹോളി മരിയ എന്ന പേരിലുള്ള ഈ സ്വകാര്യ ബസ് അമിത വേഗത്തിൽ പായുന്നതായും, യാത്രക്കാരുടെ ജീവന് പോലും പുല്ല് വില കൽപ്പിക്കുന്നതായും പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മദ്യപിച്ച് വാഹനം ഓടിക്കുന്ന ഏഴ് സ്വകാര്യ ബസ് ഡ്രൈവർമാർ കഴിഞ്ഞ ദിവസം പിടിയിലായത്.
തൃശൂരിൽ സർവീസ് നടത്തുന്ന ഹോളി മരിയ ബസ് ഗ്രൂപ്പിനെതിരെ വ്യാപക പരാതിയാണ് ഉയർന്നിരിക്കുന്നത്. ഈ ബസ് ഗ്രൂപ്പിന്റെ ഉടമ തൃശൂരിലെ ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറാണ് എന്നാണ് പരാതി. ഇയാൾക്കെതിരെ നേരത്തെ തന്നെ വ്യാപകമമായ പരാതിയും ഉണ്ടായിരുന്നു. നേരത്തെ ഒരു ബസ് മാത്രം ഉണ്ടായിരുന്ന ഇദ്ദേഹം തന്റെ സ്വാധീനം ഉപയോഗിച്ച് ബിനാമി പേരുകളിൽ ബസ് വാങ്ങിക്കൂട്ടുകയാണ് എന്നാണ് ആരോപണം. ഹോളി മരിയ എന്ന പേരിൽ തൃശൂരിൽ സർവീസ് നടത്തുന്ന ഈ സ്വകാര്യ ബസുകൾ വ്യാപകമായി ജില്ലയിൽ അമിത വേഗത്തിൽ അടക്കമാണ് സർവീസ് നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനെതിരെ വ്യാപകമായ പരാതിയാണ് ഉയർന്നിരുന്നത്. അമിത വേഗത്തിലും, അശ്രദ്ധമായും ഈ സ്വകാര്യ ബസ് ജീവനക്കാർ ബസ് ഓടിക്കുന്നത് അടക്കം വീഡിയോ സഹിതം യുട്യൂബിൽ എത്തിയിരുന്നു. എന്നാൽ, ഈ വീഡിയോ കണ്ടെങ്കിലും മോട്ടോർ വാഹന വകുപ്പോ പൊലീസോ വിഷയത്തിൽ ഇടപെടാനോ നടപടിയെടുക്കാനോ തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് ബസുകൾ തങ്ങൾക്ക് തോന്നും പടി തൃശൂരിലൂടെ തലങ്ങും വിലങ്ങും പായുകയായിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ തൊപ്പിയുടെയും കാക്കിയുടെയും തണലിലാണ് ഈ വാഹനം സർവീസ് നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസം തൃശൂരിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഏഴു സ്വകാര്യ ബസ് ജീവനക്കാരെ മദ്യപിച്ച് വാഹനം ഓടിച്ചതിനു പിടികൂടിയിരുന്നു. ഈ കേസിൽ പോലും ഹോളി മരിയ ബസ് ജീവനക്കാരെ രക്ഷിക്കാനുള്ള നീക്കമാണ് അധികൃതർ നടത്തിയത് എന്ന ആരോപണമാണ് ഉയരുന്നത്. ഈ സ്വകാര്യ ബസുകളെ നിരത്തിയിട്ട് പൊലീസ് പ്രദർശിപ്പിച്ചപ്പോൾ ഹോളി മരിയ ബസ് മാത്രം ക്യാമറ കണ്ണുകളിൽ നിന്നും മറച്ചു പിടിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഇത്തരത്തിൽ മദ്യപിച്ച് ലക്കും ലഗാനുമില്ലാതെ ബസ് ഓടിച്ച ജീവനക്കാരെ പോലും രക്ഷിക്കാൻ പോലുമുള്ള ശ്രമമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് എന്ന ആരോപണമാണ് ഉയരുന്നത്. ഇദ്ദേഹത്തിന്റെ വണ്ടിയുടെ സമയത്ത് ഓടുന്ന മറ്റു സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കാനും ഇദ്ദേഹം രംഗത്ത് എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് എതിരെ വ്യാപകമായ പരാതിയും ലഭിച്ചിട്ടുണ്ട്.