കോട്ടയം : പാറപ്പാടത്ത് പോക്സോ കേസിൽ പ്രതിയായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്ത വാർത്ത മൂന്നാം ദിവസം പ്രസിദ്ധീകരിച്ച് മലയാള മനോരമ. സോഷ്യൽ മീഡിയയിൽ അടക്കം ഈ വിഷയം വ്യാപകമായി ചർച്ചയായ സാഹചര്യത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത മൂന്നാം ദിവസം മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചത്. പാറപ്പാടം കൊട്ടാരത്തിൽപ്പറമ്പിൽ കെ.എം മനോജിനെതിരെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടപടി എടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത പോലീസ് ജയിലിൽ കഴിയുന്നതിനു പകരം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രതിയെ രക്ഷിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ഒരുങ്ങുകയാണ്. കേസ് പ്രത്യേക സംഘം അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഞായറാഴ്ച ഉച്ചയ്ക്കുശേഷം പാറപ്പാടം ഭാഗത്ത് ഇതിനായി യോഗവും ചേരും. ഈ അധ്യാപകന്റെ ക്ലാസിൽ പഠിച്ചിരുന്ന കുട്ടികളെ എല്ലാവരെയും കൗൺസിലിങ്ങിന് വിധേയമാക്കണമെന്നും ഇവർക്ക് ഏതെങ്കിലും രീതിയിലുള്ള ഉപദ്രവം നേരിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം. മുൻപ് ഈ അധ്യാപകന്റെ ഉപദ്രവത്തിനെതിരെ പരാതി പറഞ്ഞ കുട്ടികളെ രാഷ്ട്രീയ നേതൃത്വം ഇടപെട്ട് പിന്തിരിപ്പിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച കർശന നടപടികളിലേക്ക് കടക്കുന്നത്.