കാസർകോട്: കുറ്റിക്കോലില്‍ മദ്യലഹരിയില്‍ സഹോദരനെ വെടിവച്ചുകൊന്നയാള്‍ കസ്റ്റഡിയില്‍. കുറ്റിക്കോല്‍ നൂഞ്ഞങ്ങാനം സ്വദേശി അശോകൻ(45) ആണ് വെടിയേറ്റ് മരിച്ചത്.ഇയാളുടെ ജേഷ്ഠൻ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇരുവരും ചേർന്ന് മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ബാലകൃഷ്ണനെ അശോകൻ കല്ലെടുത്ത് ഉപദ്രവിച്ചിരുന്നു. തുടർന്ന് സ്ഥലത്തുനിന്നും മടങ്ങിയ ബാലകൃഷ്ണൻ നാടൻ തോക്കുമായി മടങ്ങിയെത്തി അശോകനെ വെടിവയ്ക്കുകയായിരുന്നു. മുട്ടിന് താഴെയാണ് വെടിവച്ചത്. എന്നാല്‍ രക്തം വാർന്നാണ് അശോകൻ മരിച്ചത്. ബാലകൃഷ്ണൻ വേട്ടസംഘത്തിലെയാളുടെ തോക്കുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. നിലവില്‍ അശോകന്റെ മൃതദേഹം കാസർകോട് ജനറല്‍ ആശുപത്രിയിലാണുള്ളത്. പോസ്റ്റ്മോർട്ടമടക്കം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.