പാലായിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: ഇവിടിരുന്ന് ബിയറടിച്ചാൽ പൊലീസ് പിടിക്കുമോ..? പാലായിലെ ആറ്റിറമ്പിലിരുന്ന് മദ്യപിക്കുന്നതിനായി ബിയർ കുപ്പിയുമായി എത്തിയ യുവാക്കളാണ് അടിക്കാൻ അനുവാദം സി.ഐയോട് ചോദിച്ചത്. മദ്യപിക്കാൻ അനുവാദം ചോദിച്ചത് സി.ഐയോടാണ് എന്നു മനസിലാക്കിയപ്പോഴേയ്ക്കും രണ്ടു പേരും ജീപ്പിനുള്ളിൽ കയറി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും എതിരായ പരിശോധനയ്ക്കായി മഫ്തിയിൽ എത്തിയ സി.ഐ അടക്കമുള്ള പൊലീസ് സംഘത്തിന്റെ മുന്നിലാണ് യുവാക്കൾ പെട്ടത്. പരിശോധനയുടെ വീഡിയോ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി ടോംസൺ ഫെയ്സ്ബുക്കിൽ പങ്ക് വച്ചതോടെയാണ് വീഡിയോ വൈറലായി മാറിയത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യത്തിനും മയക്കുമരുന്നിനും എതിരായ പരിശോധന ശക്തമാക്കുന്നതിനായി പൊലീസ് സംഘം പാലായിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നത്. ഇതിനിടെയാണ് പാലായിലെ ഒരു മീനച്ചിലാറിന്റെ കടവിൽ മഫ്തിയിൽ എത്തിയ പൊലീസ് സംഘം, ആറ്റിറമ്പിലിരുന്ന് മദ്യപിക്കുന്ന യുവാക്കളുടെ സംഘത്തെ കണ്ടത്. ഇവരെ പൊലീസ് സ്ക്വാഡ് പിടികൂടി പുറത്തേയ്ക്ക് കൊണ്ടു വരുന്നതിനിടെയാണ് ബിയറുമായി എത്തിയ സംഘം, സി.ഐയോട് തന്നെ ഇവിടെ ഇരുന്ന് മദ്യപിച്ചാൽ പൊലീസ് പിടികൂടുമോ എന്ന് ചോദിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സി.ഐയുടെ മറുപടിയ്ക്കു പോലും കാത്തു നിൽക്കാതെ യുവാക്കളുടെ സംഘം, ആറ്റിറമ്പിലേയ്ക്കു മദ്യക്കുപ്പിയുമായി ഇറങ്ങി നടന്നു. ബിയറിന്റെ ബോട്ടിൽ പൊട്ടിച്ച് യുവാക്കളുടെ സംഘം മദ്യപാനവും തുടങ്ങി. പാലായിലെ കടവിലിരുന്ന് ബിയറടിക്കാൻ സി.ഐയോട് തന്നെ അനുവാദം ചോദിച്ച യുവാക്കളുടെ സംഘത്തെ ഉടൻ തന്നെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. തുടർന്ന്, സ്റ്റേഷനിൽ എത്തിച്ച് പെറ്റിക്കേസ് ചുമത്തി ഇവരെ വിട്ടയക്കുകയും ചെയ്തു.